നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഗൂഡാലോചനയിലെ പ്രധാനപ്രതി ദിലീപിന്റെ ആദ്യ വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നെന്നും മറ്റ് രണ്ടു വിവാഹവും പോലെ തന്നെ ഇതും പ്രണയ വിവാഹമായിരുന്നെന്നും റിപ്പോര്‍ട്ട്. നിലവിലെ ഭാര്യ കാവ്യാമാധവന്‍ ദിലീപിന്റെ മൂന്നാം വിവാഹമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യ വിവാഹത്തിന് സാക്ഷിയായിരുന്നു എന്ന് കരുതുന്ന അബിയെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നും പറയുന്നു.

ഒരു അകന്ന ബന്ധുവിന്റെ മകളെയായിരുന്നു ദിലീപ് ആദ്യം വിവാഹം കഴിച്ചത്. സിനിമാ നടനായി മാറുന്നതിന് മുമ്പ് മിമിക്രിതാരമായി കഴിയുന്ന കാലത്ത് ഈ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പിന്നീട് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനായി ഈ ബന്ധം പണം നല്‍കി ഒതുക്കിയെന്ന തരത്തിലാണ് വിവരങ്ങള്‍. പിന്നീട് നടനായി ഉയര്‍ന്ന ദിലീപ് ഇവരെ ഒഴിവാക്കി. മഞ്ജുവാര്യരുമായി പ്രണയത്തില്‍ ആകുകയും വിവാഹം കഴിക്കുകയും ചെയ്തു. പോലീസ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചലച്ചിത്രമേഖലയില്‍ തന്നെയുള്ള ചിലര്‍ തന്നെയാണ് ഈ സൂചന പോലീസിന് നല്‍കിയത്. പിന്നീട് ഇക്കാര്യത്തില്‍ പോലീസ് താരത്തോട് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. 1998 ല്‍ മഞ്ജു വാര്യരെ വിവാഹം കഴിച്ച ദിലീപ് 2015 ല്‍ ഈ വിവാഹബന്ധം വേര്‍പെടുത്തിയാണ് കാവ്യാമാധവനെ വിവാഹം ചെയ്തത്. മഞ്ജു വാര്യരും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളും ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിവരങ്ങളും അറിയാന്‍ നേരത്തേ അന്വേഷണസംഘം മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരുടെ മൊഴിയും എടുത്തിരുന്നു. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്ന സഹോദരീ ഭര്‍ത്താവ് സുരാജില്‍നിന്നും അന്വേഷണസംഘം മൊഴിയെടുത്തു.