ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 225 കുട്ടികളെന്ന് റിപ്പോര്‍ട്ട്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 638 കുട്ടികളെയാണ് യുദ്ധം ബാധിച്ചതെന്നും ഇതില്‍ 225 കുട്ടികള്‍ കൊല്ലപ്പെടുകയും 413 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും ഉക്രെയ്‌നിന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

അധിനിവേശ പ്രദേശങ്ങളിലെയും, യുദ്ധം അതിതീവ്രമായി തുടരുന്ന മറ്റ് മേഖലകളിലെയും കുഞ്ഞുങ്ങളുടെ എണ്ണം കൃത്യമായി അറിയാന്‍ സാധിക്കാത്തതിനാല്‍ ഇതില്‍ കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഉക്രെയ്‌നിന്റെ കിഴക്കന്‍ മേഖലയായ ഡോണെസ്‌കിലാണ് ഏറ്റവുമധികം കുട്ടികള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കീവിലും ഖാര്‍കീവിലും നൂറിനടുത്ത് കുട്ടികള്‍ കൊല്ലപ്പെട്ടു.

റഷ്യന്‍ അധിനിവേശ പ്രദേശത്തുള്ള അനാഥാലയങ്ങളില്‍ നിന്ന് കുട്ടികളെ നാട്ടിലെത്തിക്കാന്‍ ഉക്രെയ്ന്‍ ഭരണകൂടം അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് ഡാരിയ ഹെരാസംചുക്ക് പറഞ്ഞു.

ശനിയാഴ്ച കിഴക്കന്‍ ഉക്രെയ്‌നിലെ സ്‌കൂളില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തെത്തുടര്‍ന്ന് 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. തൊണ്ണൂറോളം പേരാണ് ഇവിടെ അഭയം പ്രാപിച്ചിരുന്നത്.