സുധീഷ് തോമസ്

ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷനുകളിൽ ഒന്നായ ഔവർ ലേഡി ഓഫ് പെർപ്പച്വൽ ഹെല്പ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിൽ നിത്യസഹായ മാതാവിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും കാലാകാലങ്ങളായി തുടരുന്ന തിരുന്നാളാഘോഷം കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഭക്ത്യാദരപൂർവ്വം സ്റ്റോക്ക് പള്ളിയിൽ വച്ച് ജൂലൈ 3, 4 ദിവസങ്ങളിലായി നടത്തപ്പെട്ടു.ജൂലൈ 3 – ശനിയാഴ്ച രാവിലെ മിഷൻ വികാരി ഫാദർ ജോർജ് എട്ടുപറയിൽ കൊടിയേറ്റിയതോടുകൂടി തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമിട്ടു. തുടർന്ന് ഭക്ത്യാദരപൂർവ്വമായ ദിവ്യബലിയും, തിരുനാൾ സന്ദേശവും, നൊവേനയും, ലദീഞ്ഞോടും കൂടിയും ശനിയാഴ്ച തിരുകർമ്മങ്ങൾക്ക് സമാപ്തി കുറിച്ചു.ജൂലൈ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 – മണിക്ക് ഫാദർ ജോബിൻ കൊല്ലപ്പള്ളിയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷ പൂർവ്വമായ തിരുനാൾ കുർബാനയർപ്പിച്ച് വിശ്വാസവും, പൈതൃകവും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ആവശ്യകതയെക്കുറിച്ച് അർത്ഥപൂർണമായ തിരുനാൾ സന്ദേശം നൽകുകയുണ്ടായി. തുടർന്ന് നൊവേനയോടും ലദീഞ്ഞോടുകൂടിയും തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തിരശീലവീണു.തിരുനാളിനോടനുബന്ധിച്ച് സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷന്റെ പോഷകസംഘടനയായ മെൻസ് ഫോറം പ്രസിഡൻറ് ശ്രീ ജോഷി വർഗീസിന്റെയും സെക്രട്ടറി ശ്രീ ബിജു ജോസഫിന്റെയും നേതൃത്വത്തിൽ 280 – ഓളം കുടുംബങ്ങൾക്ക് പാച്ചോർ നേർച്ച തയ്യാറാക്കി വിതരണം ചെയ്യുകയുണ്ടായി. കൂടാതെ 1100 – ൽ പരം ചിക്കൻ ബിരിയാണി പായ്ക്കറ്റുകൾ കോവിഡ് -19 ദുരിതാശ്വാസ ഫണ്ടിനു വേണ്ടി വിതരണം ചെയ്യുകയുണ്ടായി.തിരുനാളിനു ശേഷം യുവജനങ്ങളുടെ നേതൃത്വത്തിൽ മൂവി നൈറ്റ് തുടർന്ന് സീനിയർ സ്റ്റുഡൻസ് കൗൺസിലിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വിവിധയിനം പരിപാടികൾ തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുകയുണ്ടായി. മിഷൻ കൈക്കാരന്മാരായ ശ്രീ. ജോയി പുളിക്കൽ, ശ്രീ. ജോബി ജോസ്, ശ്രീ. ക്രിസ്റ്റി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധയിനം കമ്മിറ്റികൾ ഉണർന്ന് പ്രവർത്തിച്ചത് തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കുകയും അതുപോലെ തിരുനാൾ ആഘോഷങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച വിവിധയിനം കമ്മിറ്റികൾക്കും മിഷൻ കമ്മിറ്റി അംഗങ്ങൾക്കും വികാരി ഫാദർ ജോർജ് എട്ടുപറയിൽ നന്ദി അറിയിക്കുകയുണ്ടായി.