ഡോക്ടർ എ. സി. രാജീവ്‌ കുമാർ

നിരവധി സാംക്രമിക രോഗങ്ങൾ പരത്തുന്നത് രോഗാണുക്കളുടെ വ്യാപനം മൂലം ആകുന്നു. ബാക്ടീരിയ മൂലം ഉണ്ടാകുന്ന കുറേ രോഗങ്ങൾ നമുക്ക് ചുറ്റും കാലാവസ്ഥാ ഭേദം ഇല്ലാതെ കണ്ടു വരുന്നു. ജീവൻെറ ആദ്യ ഉറവിടമായി കരുതുന്നവ ആണ് ബാക്റ്റീരിയകൾ.

നഗ്ന നേത്രങ്ങൾക്ക് കാണാൻ ആവാത്തവ വ്യത്യസ്ത ആകൃതിയിൽ കാണപ്പെടുന്നു. വൃത്താകൃതിയിലും, ദണ്ഡ് പോലെയും, ചുവപ്പ്, നീല, താമ്ര വർണങ്ങൾ ഉള്ളത് എന്നൊക്കെ പറയാം. നമുക്ക് ചുറ്റും മാത്രമല്ല നമ്മുടെ ഉള്ളിലും ധാരാളം ബാക്ടീരിയ വളരുന്നു. ഉപകാരികൾ ആയവയും ഉപദ്രവകാരികൾ ആയവയും ഇക്കൂട്ടത്തിൽ ഉണ്ട്.

പരിണാമത്തിൽ ബാക്റ്റീരിയക്കും മുമ്പുള്ള വൈറസുകളും ഭൂമിയിൽ എവിടെയും കാണപ്പെടുന്നു. ആർ എൻ എ യോ ഡി എൻ എ യോ മാത്രം ഉള്ള ഇവറ്റകൾക്ക്‌ മറ്റൊരു ജീവനുള്ള വസ്തുവിൽ മാത്രമേ നിലനിൽക്കാനും വളരാനും ആവുകയുള്ളൂ. ഒരു പാരസൈറ്റ് എന്ന് പറയാം. ഇവ പരത്തുന്ന രോഗങ്ങൾക്ക് ചികിത്സ ഇല്ല എന്നത് ശ്രദ്ധിക്കുക. പ്രതിരോധ വാക്‌സിനേഷൻ മാത്രം. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചു രോഗത്തെ അകറ്റുക ആണ് ചെയ്യുക.

ഭക്ഷണം ശേഖരിക്കുന്നിടത്തും കൈകാര്യം ചെയ്യുന്നിടങ്ങളിലും ഭക്ഷ്യ വസ്തുക്കളിലും, റഫ്രിജറേറ്റർ എന്നിവിടങ്ങളിൽ ഒക്കെ വിവിധ തരം ബാക്റ്റീരിയ കാണും.

വൈറസുകൾക്ക് മറ്റൊരു ആശ്രയം ഇല്ലാതെ വംശ വർദ്ധന സാധ്യമല്ല. എല്ലായിടത്തും ഉണ്ടാവും. റാബീസ്, ഹെർപിസ്, എബോള ഒക്കെയും വൈറസുകൾ പരത്തുന്ന രോഗങ്ങൾ ആകുന്നു. വാക്‌സിനേഷൻ വഴിയുള്ള പ്രതിരോധം അല്ലാതെ ഫലപ്രദമായ ചികിത്സ ഇല്ല. ഒരു മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യനിലേക്ക് രോഗം പകർത്തുക, അമ്മയിൽ നിന്നും കുഞ്ഞിനും ഉണ്ടാകാം.

കൃമു ധാതുവിൽ നിന്നും ഉണ്ടായ കൃമി എന്ന വാക്കിന് സഞ്ചരിക്കുന്നത്, പകരുന്നവ വിക്ഷേപിക്കുന്നവ എന്നൊക്കെ ആണ് അമരകോശം അർത്ഥം ആക്കിയിട്ടുള്ളത്. ചാരക സുശ്രുത സംഹിതകളിൽ ഇരുപത് വിധം കൃമികളുടെ കാര്യം പറയുന്നുണ്ട്. ശരീരത്തിന്റെ നിലനില്പിന് സഹായകമായി നിലകൊള്ളുന്ന സഹജ കൃമികൾ ആയി മൈക്രോബയോം പ്രോബയോട്ടിക് ഇനങ്ങളെയും പറ്റി പറയുന്നു. ഉപദ്രവകാരികളായി ഭക്ഷ്യ വസ്തുക്കളിലെയും വിസർജ്യങ്ങളിലെയും മലജ കൃമികൾ, ശ്വസന അവയവങ്ങളിൽ വഴുവഴുപ്പുള്ള ദ്രാവകം ഉല്പാദിപ്പിക്കുന്ന ശ്ലേഷ്മജ കൃമി, രക്തത്തിൽ ഉള്ള രക്‌തജ കൃമി എന്നിങ്ങനെ പലവിധ കൃമികളെ സംഹിതകളിൽ പറയപ്പെടുന്നു.

ശരീരത്തിൽ രസ രക്ത മാംസ മേദസ് അസ്‌ഥി മജ്ജ ശുക്ള എന്നീ ധാതുക്കളെ ദുഷിപ്പിച്ച് നീർക്കെട്ട് ഉണ്ടാക്കുമ്പോൾ അവിടെ അടിഞ്ഞു കൂടുന്ന ജലാംശം അപകടകാരികളായ അണു കൃമികളെ അവിടേക്ക് ആകർഷിച്ചു പഴുപ്പ് നുലവ് ഉണ്ടാക്കുന്നതായി പറയുന്നു.
“ജ്വരോ വിവർണതാ ശൂലം
ഹൃദ്രോഗ സദനം ഭ്രമ :”
എന്നിങ്ങനെ ലക്ഷണങ്ങൾ പറയുന്നു. മധുരം ശർക്കര പാൽ തൈര് പുതിയ ധാന്യങ്ങൾ എന്നിവ അണുബാധ ഉള്ളപ്പോൾ ഒഴിവാക്കാൻ നിർദേശിക്കുന്നു.

പരസ്പര ബന്ധത്തിലൂടെയും, ശരീരം മുട്ടി ഉരുമ്മി കഴിയുന്നതും നിശ്വാസം ഏൽക്കുന്നതും, ഒന്നിച്ചു ഭക്ഷണം കഴിക്കുന്നത്‌, ഒരു കസേരയിൽ ഇരിക്കുക, കിടക്കയിൽ ഒന്നിച്ചു കിടക്കുക , വസ്ത്രം ആഭരണങ്ങൾ, മറ്റു വസ്തുക്കൾ പരസ്പരം കൈമാറി ഉപയോഗിക്കുക എന്നിവ ചെയ്യുന്നത് ജ്വരം, ത്വക് രോഗങ്ങൾ ക്ഷയം എന്നിവ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരാനിടയാകും എന്ന മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

തുമ്മുക, കോട്ടുവായ് വിടുക, ചിരിക്കുക എന്നിവ ചെയ്യുമ്പോൾ മുഖം മറച്ചു പിടിക്കുവാനും, മൂക്കിലോ, വായിലോ, കണ്ണിലോ കൈകൾ ആവശ്യം ഇല്ലാതെ തൊടാൻ പാടില്ല എന്നും നിർദേശിക്കുന്നു.

കോവിഡ് പശ്ചാത്തലത്തിൽ ഒരു പൗരാണിക വൈദ്യശാസ്ത്രത്തെ വിശകലനം ചെയ്യുമ്പോൾ അക്കാലത്തു തന്നെ മനുഷ്യ ആരോഗ്യം ഏതെല്ലാം വിധത്തിൽ തകരാറിലാകുമോ അതിന് എല്ലാം പരിഹാരം നിർദേശിക്കാൻ ശ്രദ്ദിച്ചിട്ടുള്ളതായി കാണാനാവും.

 

    ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154