ജാമ്യം കിട്ടിയ ഡി കെ ശിവകുമാര്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി

ജാമ്യം കിട്ടിയ ഡി കെ ശിവകുമാര്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി
October 24 03:36 2019 Print This Article

ജാമ്യം കിട്ടിയ ഡി കെ ശിവകുമാര്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക ക്രമക്കേട് കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലിലായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ഡല്‍ഹി തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. കര്‍ണാടക മുന്‍ മന്ത്രിയായ ഡി കെ ശിവകുമാറിന് ഇന്നലെ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം നല്‍കിയത്. രാജ്യം വിട്ടുപോകരുതെന്ന് ശിവകുമാറിനോട് കോടതി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ചവര്‍ക്ക് നന്ദി, ഞാന്‍ തിരിച്ചുവന്നിരിക്കു – ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയ്ക്കും ശിവകുമാര്‍ നന്ദി പറഞ്ഞു. എനിക്ക്് കരുത്ത് പകരനായി അവര്‍ ജയിലില്‍ വന്ന് എന്നെ കണ്ടു – ശിവകുമാര്‍ പറഞ്ഞു.

ശിവകുമാറിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെയോ കേസിനേയോ ബാധിക്കില്ല എന്ന് ജഡ്ജി വിലയിരുത്തിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ തെളിവുകള്‍ അന്വേഷണ ഏജന്‍സിയുടെ പക്കലായതിനാല്‍ ശിവകുമാറിന് തെളിവ് നശിപ്പിക്കാന്‍ സാധ്യമല്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശിവകുമാര്‍ ശ്രമിച്ചതിന് തെളിവില്ല എന്നും കോടതി പറഞ്ഞു.

സെപ്റ്റംബറിലാണ് എന്‍ഫോഴ്‌സ്‌മെന്റ്, ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. നികുതി വെട്ടിയ്ക്കുകയും കോടിക്കണക്കിന് രൂപ അനധികൃതമായി ട്രാന്‍സാക്ഷന്‍ നടത്തുകയും ചെയ്ത് പണത്തട്ടിപ്പ് നടത്തി എന്നാണ് ശിവകുമാറിനെതിരായ കേസ്. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. 2013ല്‍ ഐശ്വര്യയുടെ പേരിലുണ്ടായിരുന്ന ഒരു കോടി രൂപയുടെ സ്വത്ത് 2018ല്‍ എങ്ങനെ 100 കോടിയായി എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചത്. മകളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ടുള്ള ശിവകുമാറിന്റെ പണമിടപാടുകളില്‍ കള്ളപ്പണമുണ്ടോ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു.

2017ല്‍ രാജ്യസഭ തിരഞ്ഞെടുപ്പിനിടെ ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാരെ, കൂറ് മാറാതിരിക്കാനായി ബംഗളൂരുവിലെ തന്റെ റിസോര്‍ട്ടില്‍ കൊണ്ടുവന്ന താമസിപ്പിച്ചതോടെയാണ് ശിവകുമാര്‍ വാര്‍ത്താതാരമായത്്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍ ആയും ക്രൈസിസ് മാനേജര്‍ ആയും ശിവകുമാര്‍ അറിയപ്പെട്ടു. ബിജെപിയുടെ കണ്ണിലെ കരടായി. 2017 ഓഗസ്റ്റില്‍ ശിവകുമാറിന്റെ കേന്ദ്രങ്ങളില്‍ ആദായ നികുതി അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു.

രാജി വച്ച്, കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാക്കിയ വിമത പാര്‍ട്ടി എംഎല്‍എമാരെ തിരിച്ചുകൊണ്ടുവരാനായി അവര്‍ താമസിച്ചിരുന്ന മുംബയ് ഹോട്ടലിന് മുന്നിലെത്തിയ ശിവകുമാര്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിശ്വാസവോട്ടി്ല്‍ പരാജയപ്പെട്ട കുമാരസ്വാമി സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള ശ്രമങ്ങള്‍ അവസാനം വരെ ശിവകുമാര്‍ നടത്തിയിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles