പാലായിൽ ജോസ്.കെ. മാണിയോ ഭാര്യ നിഷയോ സ്ഥാനാർഥിയാക്കണമെന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ് ജോസ് വിഭാഗം. ഇ.ജെ. ആഗസ്തിയെ സ്ഥാനാര്‍ഥിയാക്കാനുള്ള സമ്മര്‍ദം ശക്തമായതോടെയാണ് ജോസ് വിഭാഗം കടുത്ത നിലപാടെടുത്തത്.നിഷയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ജോസഫ് വിഭാഗത്തിന് താത്പര്യമില്ല. ഇതോടെയാണ് ഇ.ജെ. ആഗസ്തിയുടെ പേര് സജീവ ചര്‍ച്ചയായത്. കോണ്‍ഗ്രസ് നേതാക്കളും ആഗസ്തിയെ പിന്തുണച്ചതോടെ ജോസ് പക്ഷത്തിന് അപകടം മനസിലായി.

ജോസ് കെ. മാണി സ്ഥാനാര്‍ഥിയാകുന്നത് ഒഴിവാക്കാന്‍ യുഡിഎഫ് നേതാക്കളും സമ്മര്‍ദം ശക്തമാക്കി. ജോസഫ് വിഭാഗത്തിന്‍റെ ആഗ്രഹങ്ങള്‍ക്ക് യുഡിഎഫ് നേതാക്കള്‍ വഴങ്ങുന്നത് കണ്ടാണ് ജോസ്.കെ. മാണിയും കൂട്ടരും നിലപാട് കടുപ്പിച്ചത്.

ഇതോടെയാണ് രാജ്യസഭ അംഗത്വം ഉപേക്ഷിച്ച് പാലായില്‍ ജോസ്. കെ. മാണി മത്സരിക്കണമെന്ന ആവശ്യം ശക്തമായത്. അണികളുടെ സമ്മര്‍ദത്തിന് ജോസ്.കെ. മാണി വഴങ്ങുന്നുവെന്ന് സൂചന ലഭിച്ചതോടെ ഘടകകക്ഷിനേതാക്കള്‍ ഇടപ്പെട്ടു.

തീരുമാനം മുന്നണി ബന്ധത്തെ മാത്രമല്ല പാലായിലെ വിജയത്തെയും ബാധിക്കുമെന്ന് നേതാക്കള്‍ തുറന്നുപറഞ്ഞു. ജോസ് കെ. മാണി മത്സരിക്കുന്നതിലെ എതിർപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജോസ് വിഭാഗം നേതാക്കളെ അറിയിച്ചു. പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജോസ് വിഭാഗം നേതാക്കള്‍ ഇന്ന് കോട്ടയത്ത് യോഗം ചേരും. ശനിയാഴ്ച സംസ്ഥാന കമ്മറ്റി ഓഫിസില്‍ ചേരുന്ന ജില്ലാ നേതൃയോഗത്തില്‍ സ്ഥാനാർഥി സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.

സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശനിയാഴ്ച വരെയാണ് യുഡിഎഫ് അനുവദിച്ചിരുക്കുന്ന സമയം. ഞായറാഴ്ച കോട്ടയത്ത് ചേരുന്ന യുഡിഎഫ് യോഗത്തിലായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. മുന്നണി ബന്ധത്തെ തന്നെ ഉലയ്ക്കുന്ന രീതിയിലാണ് യുഡിഎഫിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ മുന്നേറുന്നത്