6,000 വർഷം മുമ്പ് സ്കാൻഡിനേവിയയിൽ ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ മുഖമാണിത്. എങ്ങിനെ ലഭിച്ചുവെന്നല്ലേ? അതിന് ആ സ്ത്രീക്ക് തന്നെയാണ് നന്ദി പറയേണ്ടത്. ഒരു പുരാതന ‘ച്യൂയിംഗ് ഗം-ത്തില്‍’ പതിഞ്ഞ അവരുടെ പല്ലിന്‍റെ അടയാളമാണ് ശാസ്ത്രജ്ഞരേ സഹായിച്ചത്. പല്ലിന്‍റെ അടയാളത്തിലൂടെ അവരുടെ ഡിഎൻ‌എ-യും അതിലൂടെ ജനിതക കോഡ് മനസ്സിലാക്കാനും ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. മനുഷ്യന്‍റെ എല്ലില്‍നിന്നല്ലാതെ മറ്റെന്തെങ്കിലും വസ്തുക്കളിൽ നിന്ന് പുരാതന മനുഷ്യന്‍റെ ജീന്‍ വേർതിരിച്ചെടുക്കുന്നത് ഇതാദ്യമായാണെന്ന് ഗവേഷകർ പറയുന്നു.

അവളുടെ തൊലിക്ക് കറുപ്പു നിറമാണെന്നും, ഇരുണ്ട തവിട്ട് നിറമുള്ള മുടിയും നീലക്കണ്ണുകളും ഉണ്ടായിരിക്കാം എന്നുമാണ് അനുമാനിക്കുന്നത്. മനുഷ്യാവശിഷ്ടങ്ങൾ ഒന്നും ലഭ്യമല്ലാത്ത കാലഘട്ടങ്ങളിൽ നിന്നുള്ള ച്യൂയിംഗ് ഗം പുരാതന ഡിഎൻ‌എയുടെ വളരെ വിലപ്പെട്ട ഉറവിടമാണെന്ന് കോപ്പൻഹേഗൻ സർവകലാശാലയില്‍ നിന്നുള്ള ശാസ്ത്രജ്ഞനായ ഡോ. ഹാൻസ് ഷ്രോഡർ പറയുന്നു. മരത്തിൽ നിന്നുള്ള ഒരുതരം ടാർ ആണ് അന്നത്തെ ച്യൂയിംഗ് ഗം. എല്ലിൽനിന്നല്ലാതെ ഒരു സമ്പൂർണ്ണ പുരാതന മനുഷ്യ ജീനോം കണ്ടെത്താന്‍ കഴിയുക എന്നത് അതിശയകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീയുടെ മുഴുവൻ ജനിതക കോഡുകളും ഡീകോഡ് ചെയ്തുകൊണ്ടാണ് അവൾ എങ്ങനെയിരിക്കാമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നത്. അക്കാലത്ത് മധ്യ സ്കാൻഡിനേവിയയിൽ താമസിച്ചിരുന്നവരില്‍നിന്നും വ്യത്യസ്തമായി യൂറോപ്പിലെ പ്രധാന വേട്ടക്കാരുമായാണ് അവൾ ജനിതകപരമായി കൂടുതൽ ബന്ധപ്പെടുന്നത്. വേട്ടയാടി ഉപജീവനം നടത്തിയിരുന്ന മനുഷ്യരുടെതിനു സമാനമായ ഇരുണ്ട ചർമ്മവും, ഇരുണ്ട തവിട്ട് നിറമുള്ള മുടിയും, നീലക്കണ്ണുകളുമാകാം അവളുടെ അഴക്‌. ഹിമാനികൾ ഉരുകിത്തീര്‍ന്നതോടെ പടിഞ്ഞാറൻ യൂറോപ്പിൽ നിന്നും സ്കാൻഡിനേവിയയിലേക്ക് കുടിയേറിയവരുടെ പ്രതിനിധിയാകാം അവള്‍.

അസ്തികളിലാല്ലാതെ ച്യൂയിംഗ് ഗം പോലുള്ള വസ്തുക്കളില്‍ ഒളിച്ചിരിക്കുന്ന ഇത്തരം രഹസ്യങ്ങള്‍ പുരാതന മനുഷ്യ ജീവിതങ്ങളുടെ ഛായാചിത്രം പ്രദാനം ചെയ്യുന്നു. അവരുടെ വംശപരമ്പര, ഉപജീവനമാർഗ്ഗം, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ച്യൂയിംഗ് ഗം-ത്തില്‍ നിന്നുള്ള ഡിഎൻ‌എ വിവരങ്ങള്‍ കാലാകാലങ്ങളായി മനുഷ്യ രോഗകാരികൾ എങ്ങനെ വികാസം പ്രാപിച്ചു എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയും നല്‍കുന്നു.