മനോജ്കുമാര്‍ പിള്ള

യുകെയിലെ പ്രബല മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 27 ശനിയാഴ്ച പൂള്‍ സെന്റ് എഡ്വേഡ്സ് സ്‌കൂളില്‍ നടക്കും. വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ മത സാഹോദര്യത്തിന്റെയും കേരള തനിമയുടെയും സന്ദേശങ്ങള്‍ വിളംബരം ചെയ്യുന്നവ ആയിരിക്കും.

2011ല്‍ ജന്മമെടുത്ത നാള്‍ മുതല്‍ ഡോര്‍സെറ്റിലെയും പൂളിലെയും സാമൂഹ്യ സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡി കെ സി, യു കെ മലയാളി അസോസിയേഷനുകളുടെ പൊതു ദേശീയ സംഘടനയായ യുക്മയിലും വ്യക്തമായ മേല്‍വിലാസം നേടിയെടുത്ത സംഘടനയാണ്. 2015 ല്‍ ഡി കെ സി യില്‍ നിന്നും ഷാജി തോമസ് യുക്മ ദേശീയ ട്രഷറര്‍ ആയതും, ഈ വര്‍ഷം പുതിയ യുക്മ ദേശീയ പ്രസിഡന്റായി നിലവിലുള്ള ഡി കെ സി പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള തെരഞ്ഞെടുക്കപ്പെട്ടതും സംഘടനയുടെ ദേശീയ തലത്തിലുള്ള പങ്കാളിത്തവും പ്രസക്തിയും വ്യക്തമാക്കുന്നു.

ഈ വര്‍ഷത്തെ ആഘോഷങ്ങളില്‍ യു കെ പൊതു സമൂഹത്തില്‍നിന്നും പ്രമുഖരായ രണ്ടു വ്യക്തികള്‍ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയോടൊപ്പം ഒന്ന്‌ചേരുന്നു. മിഡ് ഡോര്‍സെറ്റ് ആന്‍ഡ് നോര്‍ത്ത് പൂള്‍ മണ്ഡലത്തില്‍നിന്നുള്ള ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം മൈക്കിള്‍ ടോംലിന്‍സണ്‍, കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലറും മലയാളിയുമായ ബൈജു വര്‍ക്കി തിട്ടാല എന്നിവരാണ് ഡി കെ സി കുടുംബാംഗങ്ങളോടൊപ്പം ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2015 ലും 2017 ലും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൈക്കിള്‍ ടോംലിന്‍സണ്‍ അറിയപ്പെടുന്ന സംഘാടകനും പാര്‍ലമെന്റേറിയനും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഡോര്‍സെറ്റ് പൂള്‍ മേഖലയിലെ പ്രമുഖനായ വക്താവുമാണ്. യു കെ മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായി മാറിക്കഴിഞ്ഞ ബൈജു വര്‍ക്കി തിട്ടാല യു കെ സീനിയര്‍ കോര്‍ട്ട് സോളിസിറ്ററും കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിലെ ടാക്‌സി ലൈസന്‍സിംഗ് കമ്മറ്റിയുടെ ചെയര്‍മാനും കൂടിയാണ്.

2019 – 2020 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും ആഘോഷ പരിപാടികള്‍ക്കിടയില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ സെക്രട്ടറി ജോമോന്‍ തോമസ് അറിയിച്ചു. പരിപാടികള്‍ക്ക് ക്ഷേമ സോണി, ഡിജോ ജോണ്‍, സാബു കുരുവിള, സ്മിത പോള്‍, ആന്‍സി ഷാജി, ബെന്നി തോമസ്, ഷാജി ജോണ്‍, ജിജോ പൊന്നാട്ട് , ഷാജി തോമസ്, ഷാലു ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പാട്ടും നൃത്തങ്ങളും ഇതര കലാപരിപാടികളും സ്വാദിഷ്ടമായ കേരളീയ വിഭവങ്ങളുടെ അത്താഴ സദ്യയുമായി അരങ്ങുതകര്‍ക്കുന്ന ആഘോഷ രാത്രി അതിമനോഹരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഡി കെ സി സാരഥികളും പ്രവര്‍ത്തകരും. ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ മേല്‍വിലാസം താഴെ കൊടുക്കുന്നു

St.Edward School, Dale Valley Road, Poole – BH15 3NY