ലണ്ടന്‍: വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെ നിയമങ്ങള്‍ നടപ്പാക്കുന്ന ഗവണ്‍മന്റ് രീതിക്കെതിരേ ശക്തമായ വിമര്‍ശനം ഉയരുന്നു. ഖനന ബില്‍, ഫോക്‌സ് ഹണ്ടിംഗ് ബില്‍, ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ബില്‍ തുടങ്ങിയവ കോമണ്‍സില്‍ വേണ്ടത്ര ചര്‍ച്ചകളോ സൂക്ഷ്മ പരിശോധനയോ നടത്താതെയാണ് പാസാക്കിയത്. ബില്ലുകളില്‍ വിവാദത്തിനു കാരണമാകുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയതു പോലും സ്റ്റാറ്റിയൂട്ടറി ഇന്‍സ്ട്രമെന്റ്‌സ് എന്ന സര്‍ക്കാരിന്റെ പ്രത്യേകാധികാരമുപയോഗിച്ച് പാര്‍ലമെന്റിന്റെ അനുവാദത്തിനു കാത്തുനില്‍ക്കാതെയായിരുന്നു. ഇതാണ് വിമര്‍ശനം ക്ഷണിച്ചു വരുത്തുന്നത്.
ജനുവരി ആദ്യം അഞ്ചു ലക്ഷത്തോളം വരുന്ന ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികളുടെ മെയ്ന്റനന്‍സ് ഗ്രാന്റ് എടുത്തുകളയാന്‍ തീരുമാനിച്ചിരുന്നു. ഭിന്ന ശേഷിയുള്ളവരേയും വംശീയ ന്യൂനപക്ഷങ്ങളേയും പ്രായത്തില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികളേയുമാണ് ഈ തീരുമാനം ദോഷകരമായി ബാധിക്കുക. സ്റ്റാറ്റിയൂട്ടറി ഇന്‍സ്ട്രമെന്റ്‌സ് ഉപയോഗിച്ച് നടപ്പില്‍ വരുത്തിയ ഈ തീരുമാനത്തെ ലേബര്‍ പാര്‍ട്ടി എതിര്‍ക്കുന്നു. പ്രത്യേകാധികാരം നല്‍കുന്ന വ്യവസ്ഥ എടുത്തു കളയണമെന്ന് ഇന്ന് ലേബര്‍ പാര്‍ട്ടി പാര്‍ലമെന്റില്‍ ആവശ്യപ്പെടും. പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അപൂര്‍വ്വ നീക്കമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്ന്.

കണ്‍സര്‍വേറ്റീവുകളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇല്ലാതിരുന്ന ഈ നയത്തിന് മതിയായ ചര്‍ച്ചകള്‍ നടത്താതെയും മാറ്റങ്ങള്‍ നിര്‍ദേശിക്കാതെയുമാണ് കോമണ്‍സ് സമിതി അനുമതി നല്‍കിയത്. നിഴലുകള്‍ക്കിടയില്‍ നിന്ന് ഭരിക്കാനുള്ള നീക്കമാണ് ഇതെന്നായിരുന്നു ഷാഡോ ഫസ്റ്റ് സ്റ്റേറ്റ് സെക്രട്ടറി ആന്‍ജല ഈഗിള്‍ ഇതിനെ വിശേഷിപ്പിച്ചത്. ആരുടേയും ശ്രദ്ധയില്‍പ്പെടാതെ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്താനാണ് ടോറികള്‍ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിനു ശേഷം ഇത്തരം നിരവധി ബില്ലുകള്‍ മന്ത്രിമാരുടെ പ്രത്യേകാധികാരമുപയോഗിച്ച് പാസാക്കി സഭയില്‍ എത്തുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഗവണ്‍മെന്റിനെ വിമര്‍ശിക്കാനും നയങ്ങളെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനുമുള്ള കോമണ്‍സിന്റെ അധികാരം ഇല്ലാതാക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. 1940കളിലാണ് സ്റ്റാറ്റിയൂട്ടറി ഇന്‍സ്ട്രമെന്റ്‌സ് എന്ന ഈ പ്രത്യേകാധികാരങ്ങള്‍ സര്‍ക്കാരിന് നല്‍കിയത്. കോമണ്‍സില്‍ സമയം പാഴാക്കാതെ നിയമഭേദഗതികള്‍ വരുത്താനാണ് ഇത് നടപ്പില്‍ വരുത്തിയത്.

1982ല്‍ 1100 ഭേദഗതികള്‍ വരുത്തിയാണ് ഇതിന്റെ ഉപയോഗം വ്യാപകമാക്കിയത്. ഇപ്പോള്‍ പ്രതിവര്‍ഷം 3000ത്തോളം ഭേദഗതികള്‍ ഇതുപയോഗിച്ച് ചെയ്യുന്നുണ്ട്. 2010ല്‍ കാമറൂണ്‍ അധികാരത്തിലെത്തിയതിനു ശേഷം ഇതിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്. നാല് ബില്യന്‍ പൗണ്ടിന്റെ നികുതിയിളവുകള്‍ ഇല്ലാതാക്കാന്‍ കോമണ്‍സില്‍ ചര്‍ച്ച പോലും നടത്താതെ എസ്‌ഐ നടപ്പിലാക്കാന്‍ ജോര്‍ജ് ഓസ്‌ബോണ്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.