ഡോക്ടർ എ. സി. രാജീവ് കുമാർ
ആയുരോഗ്യ പരിപാലനത്തിന് ഏറെ പ്രാധാന്യം നൽകുന്ന ആരോഗ്യ രക്ഷാ ശാസ്ത്രമാണ് ആയുർവ്വേദം. ഒരുവൻ ഉറങ്ങി ഉണരുമ്പോൾ മുതൽ അടുത്ത ഉറക്കം വരെ എന്തെല്ലാം എങ്ങനെ എത്രത്തോളം ആകാം എന്ന് ദിനചര്യ നിർദേശക്കുന്നു എന്നത് ഏറെ കൃത്യതയോടെ പറയുന്നുണ്ട് എന്നത് ശ്രദ്ധിക്കുക. ഇന്ന് നമുക്ക് ചുറ്റും കാണുന്ന അനവധി ആരോഗ്യ പ്രശ്നങ്ങൾ ജീവിതശൈലീ സംബന്ധമാണ് എന്ന് ആധുനിക കാലം അംഗീകരിച്ചു കഴിഞ്ഞു. അത് തന്നെ ആണ് അയ്യർവേദ ദിനചര്യ, ആയുർവേദ ആരോഗ്യ രക്ഷയുടെ പ്രത്യേകതയും.
ശുചിത്വ പാലനം പ്രധാനം. വ്യക്തിഗത കുടുംബ സാമൂഹിക ആത്മീയ മാനസിക ശുചിത്വം എല്ലാം ആരോഗ്യ രക്ഷയിൽ പ്രാധാന്യം അർഹിക്കുന്നു. ഉറങ്ങി ഉണരുമ്പോൾ മുതൽ മലമൂത്ര വിസർജനം ആഭ്യന്തര ശുചിത്വത്തിന്, ശൗച ക്രിയ, മുഖ ദന്ത ജിഹ്വാ ശുചിത്വം അഭ്യംഗം കുളി എല്ലാം പ്രത്യേകം എടുത്തു പറയുന്നു.
അഭ്യംഗം അഥവാ എണ്ണ തേച്ചുള്ള കുളി വളരെ ഏറെ ഗുണങ്ങൾ ഉള്ളത് ആണ്. ദിവസവും എണ്ണ തേച്ചു കുളിക്കുവാനാണ് നിർദേശം. പ്രത്യേകിച്ച് മൂർദ്ധ്നി ശിരസിന്റെ മദ്ധ്യം ചെവി ഉള്ളം കൈ പാദങ്ങൾ ഉള്ളം കാലുകൾ എന്നിവിടങ്ങളിൽ നന്നായി എണ്ണ തേയ്ക്കണം.
ഓരോരുത്തരുടെയും ശരീര പ്രകൃതി, ആരോഗ്യ കാര്യങ്ങൾ അനുസരിച്ച് വൈദ്യ നിർദേശം അനുസരിച്ചുള്ള എണ്ണ ഉപയോഗിക്കാം. ഇത്തരത്തിൽ ഉള്ള തേച്ചുകുളി ചാർമ്മത്തിന് ഉണ്ടാകുന്ന ഞുറിവുകൾ, ജര, ചർമ്മ രോഗങ്ങൾ എന്നിവയകറ്റും. കായികമായ അദ്ധ്വാനം മൂലം സന്ധികൾ പേശികൾ എന്നിവയ്ക്കുണ്ടാകുന്ന ക്ഷീണം, ചലനസംബന്ധമായ തകരാറുകൾ വാതരോഗങ്ങൾ എന്നിവക്ക് പരിഹാരമാകും. കണ്ണുകളുടെ ആരോഗ്യത്തിനും ശരീര പുഷ്ടി ആയുസ് നല്ല ഉറക്കം ത്വക്കിന്റെ രോഗ പ്രതിരോധ ശേഷി എന്നിവ വർദ്ധിപ്പിക്കുകുയും ചെയ്യും.
ശിരസിന്റെ മദ്ധ്യത്തിൽ തേക്കുന്ന തൈലം ഒട്ടനവധി രോഗങ്ങൾക്ക് പ്രതിവിധി ആകും. പലതരം തലവേദന നേത്ര രോഗങ്ങൾ ദന്തരോഗങ്ങൾ ടോൺസിലൈറ്റിസ് സൈനസൈറ്റിസ് മുടികൊഴിച്ചിൽ അകാല നര ചെവിക്കുണ്ടാകുന്ന കേഴ്‌വിക്കുറവ് പക്ഷാഘാതം അർദിതം അപബഹുകം എന്നിങ്ങനെ ഉള്ള രോഗങ്ങക്ക് ചികിത്സ ആകും. നല്ല ആരോഗ്യ ശീലങ്ങൾ ആയുരാരോഗ്യ വർദ്ധകമാകുമെന്ന തിരിച്ചറിവ് ഇക്കാലത്തെ പകർച്ച വ്യാധി നമ്മെ ഓർമിപ്പിക്കുന്നു. കൈകാലുകൾ കഴുകി വൃത്തിയാക്കാനും വായും മൂക്കും മൂടി നടക്കാനും നമ്മൾ പഠിച്ചു കഴിഞ്ഞു. എന്നിട്ടും എണ്ണ തേച്ചുള്ള കുളിയുടെ നന്മ തിരിച്ചറിയാനാവാതെ അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നത് അറിവില്ലായ്മ എന്ന് മാത്രം കരുതിയാൽ മതി. കുളി തന്നെ ആവശ്യം ഇല്ല. രണ്ടു നേരം കുളിക്കുന്ന മലയാളി തണുപ്പ് പ്രദേശത്തു ചെന്നാലും ശീലം മറക്കില്ല. തണുപ്പ് രാജ്യത്ത് കുളിക്കാറില്ല എന്നാൽ അവിടുള്ളവർ ഇവിടെ വന്നാൽ കുളിക്കുന്നു. അയ്യർവേദ ഉഴിച്ചിലും തേച്ചുകുളിയും ലോകം അംഗീകരിച്ചത് അറിയുക.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
Leave a Reply