ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര ടൂര്‍ണമെന്റായ രഞ്ജി ട്രോഫി ഈ വര്‍ഷം ഉണ്ടാകില്ലെന്ന് അറിയിച്ച് ബി.സി.സി.ഐ. ഈ വര്‍ഷം നിരവധി അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ നടക്കാനുള്ളതും കോവിഡ് സാഹചര്യവും വിലയിരുത്തിയാണ് ഇത്തവണ രഞ്ജി ട്രോഫി ബി.സി.സി.ഐ റദ്ദാക്കിയത്.

രഞ്ജി ട്രോഫി റദ്ദാക്കിയെങ്കിലും വിജയ് ഹസാരെ ട്രോഫി നടത്തുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. കൂടാതെ വനിതകളുടെ ഏകദിന പരമ്പരയും നടത്തും. വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ ആരംഭിക്കേണ്ടതും നിലവില്‍ അത്യാവശ്യമാണെന്നതിനാലാണ് വിജയ് ഹസാരെ ട്രോഫിക്കൊപ്പം വനിതാ ക്രിക്കറ്റ് ടീം ടൂര്‍ണമെന്റും നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചിരിക്കുന്നത്.

പല ടീമുകളും രഞ്ജി ട്രോഫിക്കായുള്ള മുന്നൊരുക്കങ്ങല്‍ തുടങ്ങിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ രഞ്ജി ട്രോഫിക്കുള്ള 26 അംഗ സാദ്ധ്യതാ ടീമിനെ പ്രഖ്യാപിക്കുകയും വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ക്യാമ്പ് ആരംഭിക്കുകയും ചെയ്തിരുന്നു. ശ്രീശാന്തും ടീമിലിടം നേടിയിരുന്നു.

വിജയ് ഹസാരെ ട്രോഫിയുടെ വേദികള്‍ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും. ബയോബബിള്‍ സുരക്ഷയിലാവും മത്സരങ്ങള്‍ നടക്കുക. ഫെബ്രുവരി ആദ്യവാരം തന്നെ ടീമുകളെ ബയോ ബബിള്‍ സുരക്ഷയിലേക്ക് മാറ്റാനാണ് ബി.സി.സി.ഐ പദ്ധതിയിടുന്നത്.