ഷിബു ജേക്കബ്

ലണ്ടൻ യുകെ : യുകെയിൽ കഴിഞ്ഞ ആഴ്‌ച്ച ദിവംഗതനായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠൻ ഡോ.ബിജി മർക്കോസ് ചിറത്തിലാട്ടിന്റെ മൃതസംസ്കാര ശുശ്രുഷകൾ യുകെയിൽ വെച്ച് തന്നെ നടത്തുവാൻ തീരുമാനമായി.യാക്കോബായ സുറിയാനി സഭ- യുകെ റീജിയൻ അടിയന്തിരമായി കൂടിയ കൗൺസിലിന്റെ മീറ്റിങ്ങിലാണ് തീരുമാനം.

യാക്കോബായ സഭയുടെ യുകെ പാത്രിയാർക്കൽ വികാർ ഡോ.മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു് കൗൺസിലും, തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയോടൊപ്പം, വൈദീകരും കൂടിചേർന്നാണ് പുരോഹിതന്റെ മൃതസംസ്കാര ശുശ്രുഷകൾ ക്രമീകരിക്കുന്നത്.

ഗവണ്മെന്റ് പ്രോട്ടോകോൾ അനുസരിച്ചുള്ള ശുശ്രൂഷകളും,കോവിഡിനെ തുടർന്നുള്ള കുടുംബാംഗളുടെ ആരോഗ്യ സ്ഥിതിയും കൂടി കണക്കിലെടുത്താകും സഭ ചടങ്ങുകൾ സംഘടിപ്പിക്കുക.തിയതിയും ,സംസ്കാര ശുശ്രൂഷകളും ,ഉൾപ്പടെ തുടർന്നുള്ള ക്രമീകരണങ്ങൾ കൗൺസിൽ അറിയിക്കുന്നതായിരിക്കും.

അച്ചന്റെ വേർപാടിൽ ദുഃഖാർത്ഥരായ കുടുംബാംഗളോടൊപ്പം, ഇതര സഭകളിൽ നിന്നും അനുശോചനം രേഖപ്പെടുത്തിയ മതമേലധ്യക്ഷന്മാരെയും മറ്റു മതസ്ഥരെയും പ്രസ്ഥാനങ്ങളെയും പ്രാർത്ഥനാപൂർവ്വം സ്മരിക്കുകയും അവരോടുള്ള കൃതജ്ഞതയും കൗൺസിൽ രേഖപ്പെടുത്തുകയുണ്ടായി .യൂറോപ്പിലും ,ഇംഗ്ലണ്ടിലെ വിവിധ ദേവാലയങ്ങളിൽ സേവനം ചെയ്തിട്ടുള്ളതും ,സൺ‌ഡേ സ്കൂൾ ഉൾപ്പടെയുള്ള ആത്‌മീയ പ്രസ്ഥാനങ്ങൾക്ക് നേതൃത്വവും നൽകിയതുമായ അച്ചന്റെ സേവനം നിസ്വാർത്ഥവും വിലമതിക്കാനവാത്തതും ആയിരുന്നുവെന്നു കൗൺസിൽ വെളുപ്പെടുത്തി.

പോർട്സ്മൗത്ത് ക്യൂൻ അലക്സാൻഡ്രാ ഹോസ്പിറ്റൽ പ്രധാന ചാപ്ലിനായി പ്രവർത്തിക്കുമ്പോൾ തന്നെ വർത്തിങ്ങ് ഹോസ്പിറ്റൽ ചാപ്ലിൻ സി ടീമിനെ അച്ചൻ സഹായിച്ചിരുന്നു. ഈ കോവിഡ് സാഹചര്യങ്ങളിൽ, ഹോസ്പിറ്റലിലെ സ്റ്റാഫിനും രോഗികൾക്കും സാന്ത്വനവും പ്രചോദനവുമായിരുന്ന അച്ചൻ സ്വന്തം ആരോഗ്യം പോലും വകവക്കാതെ മുന്നണിപ്പോരാളിയായി നിന്ന് സ്വജീവിതം സമർപ്പിച്ചതായി കൗൺസിൽ വിലയിരുത്തി.

കർത്തൃസന്നിധിയിലേക്കു വാങ്ങിപ്പോയ പ്രിയപ്പെട്ട അച്ചനെയും ,കോവിഡ് മൂലം മരണപ്പെട്ടവരെയും ,ദുഃഖാർത്ഥരായ കുടുംബാംഗളെയും ,വിശ്വാസി സമൂഹത്തേയും , തിരുസന്നിധിയിൽ ഓർത്തു പ്രാർത്ഥിച്ചു കൊണ്ട് യോഗം പര്യവസാനിച്ചു.