ന്യൂസ് ഡെസ്ക് മലയാളം യുകെ

കെറ്ററിങ്ങിൽ നേഴ്സായ അഞ്‌ജു അശോക് (35), മക്കളായ ജീവ ( 6 ), ജാൻവി (4) എന്നിവരെ മലയാളിയായ ഭർത്താവ് സാജു ( 52 ) കൊലപ്പെടുത്തിയ സംഭവത്തിന്റെ വിചാരണവേളയിൽ കോടതിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ . സംഭവത്തിൽ 40 വർഷത്തെ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. യുകെയിൽ ഒരു മലയാളിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്.

സാജുവിന്റെ സംശയരോഗമായിരുന്നു കൊലപാതകത്തിലേയ്ക്ക് നയിച്ച പ്രധാന കാരണം. വാക്കു തർക്കത്തിനിടെ സാജുവിന്റെ അമ്മയെ കുറിച്ച് മോശമായി അഞ്ജു പരാമർശിച്ചതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും എന്നാൽ കുട്ടികളെ കൊന്നത് ഓർക്കുന്നില്ല എന്നുമാണ് പ്രതി കോടതിയിൽ പറഞ്ഞത്. സാജുവും ഭാര്യ അഞ്ജുവുമായി 15 വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ടായിരുന്നു. ഇവരുടേത് പ്രേമ വിവാഹമായിരുന്നു. നിലവിൽ 52 വയസ്സുകാരനായ സാജു ഇനി 92-ാം വയസ്സിലെ ശിക്ഷ കഴിഞ്ഞ് പുറത്തുവരികയുള്ളൂ. പ്രതി കുറ്റം സമ്മതിച്ചതു കൊണ്ടാണ് 45 വർഷം കിട്ടേണ്ട ശിക്ഷ 40 വർഷമായി കോടതി കുറച്ചു കൊടുത്തത്.

വിചാരണവേളയിൽ കോടതിയിൽ പലപ്പോഴും അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. കൊലപാതകം അരങ്ങേറിയപ്പോൾ പ്രതിയുടെ മൊബൈലിന്റെ ഫോൺ റെക്കോർഡിങ് ഓൺ ആയിരുന്നത് കോടതിയിൽ വലിയ തെളിവായി മാറിയിരുന്നു. അമ്മയെ കൊല്ലരുതെന്ന് കുട്ടികൾ വാവിട്ടു കരയുന്ന ശബ്ദരേഖ കേൾപ്പിച്ചപ്പോൾ പ്രതി സാജു വാവിട്ട് കരഞ്ഞതായാണ് കോടതി നടപടികൾ വീക്ഷിക്കാനെത്തിയ അഞ്ജുവിന്റെ സഹപ്രവർത്തകനായ യുകെ മലയാളി മനോജ് മാത്യു പറഞ്ഞത്.

അഞ്ചുവിന്റെ ബന്ധുക്കൾ ആരും യു കെയിൽ ഇല്ലാത്തതുകൊണ്ട് അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെ അഞ്ജുവിന്റെ കുടുംബം നെക്സ്റ്റ് ഓഫ് കിൻ ആയി ചുമതലപ്പെടുത്തിയിരുന്നു . നേരത്തെ അഞ്ചുവിന്റെയും മക്കളുടെയും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാൻ മൃതദേഹങ്ങളെ അനുഗമിച്ച് മനോജ് മാത്യു കേരളത്തിൽ എത്തിയിരുന്നു. ഇതിനായി അദ്ദേഹത്തിന് പ്രത്യേക അവധി ഉൾപ്പെടെ എൻഎച്ച്എസിൽ നിന്ന് അനുവദിച്ചു കിട്ടിയിരുന്നു.

ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ സാജുവിനെ വീട്ടിലെത്തി കീഴ്പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ നോർത്താംപ്ടൺ പോലീസ് പുറത്തുവിട്ടു. യുവതിക്കും രണ്ടു കുട്ടികൾക്കും പരിക്കേറ്റന്ന സന്ദേശത്തെ തുടർന്നാണ് പോലീസ് വീട്ടിലെത്തിയത്. കത്തി കൈയ്യിൽ പിടിച്ചിരിക്കുന്ന സാജുവിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കത്തി താഴെയിടാൻ വിസമ്മതിക്കുന്ന സാജുവിനെ ടേസർ തോക്ക് ഉപയോഗിച്ച് അവർ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.