ദൃശ്യത്തിന് ശേഷം നല്ല കഥാപാത്രങ്ങളെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നാല് വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്ന് നടി അന്‍സിബ ഹസ്സന്‍. സിനിമാഭിനയം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തപ്പോളാണ് ദൃശ്യം സെക്കന്‍ഡിലേക്ക് വിളിക്കുന്നതെന്ന് അന്‍സിബ. പുനര്‍ജന്മം പോലെയായിരുന്നു അവസരമെന്നും അന്‍സിബ മാതൃഭൂമി അഭിമുഖത്തില്‍ പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സെക്കന്‍ഡ് പോസ്റ്റ് പ്രൊഡക്ഷനിലാണ്.

ആറ് വര്‍ഷം പുറത്തൊക്കെ പഠിക്കാന്‍ പോയി വീട്ടില്‍ തിരിച്ചെത്തുന്ന ഫീല്‍ ആയിരുന്നു ദൃശ്യം സെക്കന്‍ഡിലെ റി യൂണിയന്‍ എന്നും അന്‍സിബ ഹസ്സന്‍. ജോര്‍ജ്ജുകുട്ടിയുടെ ജീവിതസാഹചര്യം കുറച്ചുകൂടി മെച്ചപ്പെട്ടതിന് ശേഷമുളള കഥയാണ് രണ്ടാം ഭാഗം. ഫാമിലി ഡ്രാമയാണ് ദൃശ്യം സെക്കന്‍ഡ്. കുടുംബത്തിന് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് നൂറ്റൊന്ന് ശതമാനം ഉറപ്പുണ്ടെന്നും അന്‍സിബ.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജ്ജുകുട്ടിയുടെയും മീന അവതരിപ്പിക്കുന്ന റാണിയുടെയും മകളുടെ റോളിലാണ് ചിത്രത്തില്‍ അന്‍സിബ ഹസ്സന്‍.

കൊവിഡ് കാലത്ത് മലയാളത്തിലെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ദൃശ്യം രണ്ടാം ഭാഗം. സെപ്തംബര്‍ 21ന് കൊച്ചിയില്‍ ചിത്രീകരണമാരംഭിച്ച ദൃശ്യം സെക്കന്‍ഡ് 46ാം ദിവസം തൊടുപുഴയില്‍ പൂര്‍ത്തിയായി. 56 ദിവസമായിരുന്നു ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നതെന്നും പത്ത് ദിവസം മുമ്പേ പൂര്‍ത്തിയാക്കാനായെന്നും സംവിധായകന്‍ ജീത്തു ജോസഫ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെ അഭിനേതാക്കള്‍ ഷൂട്ടിംഗ് തീരുന്നത് വരെ ഹോട്ടലില്‍ തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുരളി ഗോപി, സിദ്ദീഖ്,ആശാ ശരത്, അനീഷ് ജി മേനോന്‍, ഗണേഷ് കുമാര്‍ , എസ്തര്‍,ആന്റണി പെരുമ്പാവൂര്‍, ബോബന്‍ സാമുവല്‍ എന്നിവരും ചിത്രത്തിലുണ്ട്.

ഇമോഷണല്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് രണ്ടാം ഭാഗം. ഏഴ് വര്‍ഷത്തിന് ശേഷം ജോര്‍ജ്ജ് കുട്ടി വീണ്ടുമെത്തുമ്പോള്‍ മോഹന്‍ലാല്‍ താടി വച്ച് പുതിയ ലുക്കിലാണ്. സതീഷ് കുറുപ്പാണ് ക്യാമറ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. തിയറ്റര്‍ റിലീസായി തന്നെയാണ് ദൃശ്യം സെക്കന്‍ഡ് പ്രേക്ഷകരിലെത്തുക.

2013ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിയുരുന്നു. 75 കോടി ഗ്രോസ് കളക്ഷനും നേടി.മോഹന്‍ലാലിന്റെ അതുവരെയുള്ള വിജയങ്ങളെയും മലയാളത്തിലെ സകല റെക്കോര്‍ഡുകളെയും പിന്തള്ളിയതായിരുന്നു ദൃശ്യത്തിന്റെ അന്നത്തെ നേട്ടം. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. പിന്നീട് സിംഹള, ചൈനീസ് പതിപ്പും പുറത്തുവന്നു.

ജോര്‍ജ് കുട്ടിയേയും കുടുംബത്തെയും മലയാളികള്‍ മറക്കില്ല എന്ന പ്രതീക്ഷയാണ് ദൃശ്യം 2 എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തോളമുള്ള ആലോചനക്ക് ശേഷമാണ് ദൃശ്യം സെക്കന്‍ഡിലേക്ക് എത്തിയതെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.