ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ന് രാജ്യത്ത് ഗെറിറ്റ് കൊടുങ്കാറ്റ് വീശിയടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . യുകെയിൽ ഉടനീളം കൊടുങ്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ . അതുകൊണ്ട് തന്നെ വാഹനം ഓടിക്കുന്നവർ കരുതിയിരിക്കണമെന്ന മുന്നറിയിപ്പ് രാജ്യത്തുടനീളം നൽകപ്പെട്ടിട്ടുണ്ട്.


കൊടുങ്കാറ്റിനോട് അനുബന്ധിച്ച് കനത്ത മഴയും മഞ്ഞും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട് . അപകടകരമായ സാഹചര്യം നിലനിർത്തി യാത്രകൾക്ക് സാധാരണ എടുക്കുന്നതിലധികം സമയം എടുക്കുന്നതിനുള്ള സാഹചര്യം നിലവിലുണ്ടെന്ന് എ എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഉയർന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 70 മൈൽ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിന്റെ തെക്കൻ തീരങ്ങളിലും വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട് ലൻഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കൻ അയർലണ്ടിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും കനത്ത മഴയും പ്രതീക്ഷിക്കുന്നുണ്ട്. വടക്കൻ അയർലണ്ടിലെ ചില ഭാഗങ്ങളിൽ 60 മില്ലി മീറ്ററും വെയിൽസിലെ ഉയർന്ന പ്രദേശങ്ങളിൽ 90 മീറ്റർ വരെയും മഴ പെയ്തേക്കും . സെപ്റ്റംബറിൽ ആരംഭിച്ച് അടുത്തവർഷം ഓഗസ്റ്റിൽ അവസാനിക്കുന്ന കാലാവസ്ഥാ സീസണിലെ ഏഴാമത്തെ കൊടുങ്കാറ്റ് ആണ് ഗെറിറ്റ് കൊടുങ്കാറ്റ് .