ന്യൂസ് ഡെസ്ക് മലയാളം യുകെ

ശൈത്യകാലത്ത് നമ്മുടെ കാറുകൾ ഇടയ്ക്കിടെ പരിശോധിച്ചില്ലെങ്കിൽ പണി കിട്ടും. കൊടും തണുപ്പിൽ നിന്ന് രക്ഷ നേടാൻ മൃഗങ്ങൾ വാഹനത്തിൻറെ അടിയിൽ കയറി പറ്റുന്നത് യുകെയിൽ സാധാരണയായി കൊണ്ടിരിക്കുകയാണ്. വാഹനത്തിൻറെ എൻജിനിൽ നിന്ന് ലഭിക്കുന്ന ചൂടാണ് ചെറു മൃഗങ്ങൾ ഉൾപ്പെടെയുള്ള ജീവികൾ എൻജിനുകളിൽ കയറിക്കൂടുന്നതിന് കാരണമാകുന്നത്. അണ്ണാൻ, മുള്ളൻ പന്നി, പൂച്ചകൾ എന്നിവ പോലുള്ള ചെറിയ ജീവികളാണ് പലപ്പോഴും ചൂടു തേടി വാഹനങ്ങളുടെ അടിയിൽ അഭയം പ്രാപിക്കുന്നത്.

ഒന്ന് സൂക്ഷിച്ചില്ലെങ്കിൽ ഇങ്ങനെ കയറി കൂടുന്ന ചെറു മൃഗങ്ങൾ വാഹനത്തിന് കാര്യമായി നാശനഷ്ടങ്ങൾ വരുത്തിയേക്കാം. ഫാൻ ബോൾട്ടുകളും ബ്ലേഡുകളും ഉൾപ്പെടെ തകരാറിലാക്കുന്നതും ഇതുമൂലം സംഭവിക്കും. പണ ചിലവിന് പുറമേ ഇത് മൃഗങ്ങളുടെ ജീവനും ഹാനികരമായി തീരും. ഇങ്ങനെ സംഭവിക്കുന്ന തകരാറുകൾക്ക് 5000 പൗണ്ട് വരെ ചിലവ് വന്നേക്കാം. കാറിന് സമീപം മോഷൻ ആക്ടിവേറ്റഡ് അലാറമും ലൈറ്റുകളും മൃഗങ്ങളെ വാഹനത്തിന് സമീപം വരുന്നതിൽ നിന്ന് അകറ്റി നിർത്തും.

ലാവെൻഡർ , റോസ്മേരി തുടങ്ങിയ ചില ഔഷധ സസ്യങ്ങളിൽ പൂച്ചകൾക്ക് അരോചകമായ ഗന്ധം അടങ്ങിയിട്ടുണ്ട് . ഇത് ചുറ്റും തളിക്കുന്നത് പൂച്ചകളെ കാറിന് അടുത്ത് വരുന്നതിൽ നിന്ന് തടയും. കാറുകൾ സാധിക്കുമെങ്കിൽ ഗ്യാരേജിൽ പാർക്ക് ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഇനി ഗ്യാരേജ് ഇല്ലാത്തവർക്ക് കാർ കവർ ഉപയോഗിക്കുന്നത് പരിഗണിക്കാം. ഭക്ഷണാവശിഷ്ടങ്ങൾ കാറിനുള്ളിൽ ഉപേക്ഷിക്കുന്നത് മൃഗങ്ങളെ ആകർഷിക്കുന്നതിന് കാരണമാകും. എന്തെങ്കിലും രീതിയിൽ ജീവികൾ വാഹനത്തിൻറെ എൻജിന്റെ ഭാഗത്ത് കയറി കൂടിയതായി സംശയം ഉണ്ടെങ്കിൽ നീണ്ട ഹോൺ മുഴക്കുന്നത് അവയ്ക്ക് രക്ഷപ്പെടാനുള്ള അവസരം നൽകും .