ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

“ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാൻ” വേണ്ടി മയക്കുമരുന്ന് സംഘം സോളീഹൾ ഹോസ്പിറ്റലിന് മുൻപിൽ ആഡംബര കാറുകൾ പാർക്ക് ചെയ്തു. ഇവിടെ ഉണ്ടായിരുന്ന അഞ്ചു കാറുകളും വലിയ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവയാണ്. മൂന്ന് ആഴ്ച്ചയായി ഈ പ്രശ്‌നം സോളീഹൾ ആശുപത്രി അധികൃതരെ കുഴക്കുകയാണ്. ഒരു ജാഗ്വാർ എക്സ് എഫ് , ബി എം ഡബ്ല്യൂ 3 സീരീസ്, ഔഡി ക്യു 7, ലെക്സസ് സി റ്റി 200 & ഗോൾഫ് ജി റ്റി ഐ എന്നിവയാണ് കാറുകൾ. പോലീസിനെ വിവരം ധരിപ്പിച്ചിരുന്നു, തുടർന്ന് ഈ വാഹനങ്ങളെല്ലാം മയക്കുമരുന്ന് വ്യവഹാരം ഉൾപ്പെടെയുള്ള ഉന്നത തല കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതാണെന്ന് വെസ്റ്റ് മിഡ്‌ലാൻഡ് സേനയുടെ സെയിന്റ് ആൽഫിജ് നൈബർഹുഡ് ടീം കണ്ടെത്തി.

ഇവിടെ നിന്നും മാറ്റിയ ഈ കാറുകളിൽ ഇപ്പോൾ വിശദമായ ഫോറൻസിക് പരിശോധന നടത്തി വരികയാണ്. ഇവയ്ക്ക് അടുത്തായി രാത്രി ഏറെ വൈകി സംശയാസ്പദമായ തരത്തിൽ ആളുകളെ കണ്ടിരുന്നതായി ഹോസ്‌പിറ്റൽ സ്റ്റാഫ്‌ മൊഴി നൽകി. ഈ കാറുകളെല്ലാം കുറ്റകൃത്യങ്ങളിൽ പങ്കുള്ളവയാണ് എന്ന് വാഹങ്ങളെക്കുറിച്ച് പഠിച്ച ഉദ്യോഗസ്ഥർക്ക് അറിയാൻ സാധിച്ചു.

ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാർ, മറ്റ് ജോലിക്കാർ എന്നിവർ നൽകുന്ന വിവരങ്ങളും ശേഖരിച്ചു വരുന്നു. ഹോസ്പിറ്റൽ അധികൃതർ കാറുകളിൽ പെനാൽട്ടി നോട്ടീസ് പതിപ്പിച്ചിരുന്നു; ഇതിൽ ഒരു കാർ £30,000 വിലമതിക്കുന്നതാണ്. പൊതുജനങ്ങൾ നൽകുന്ന വിവരങ്ങളും കുറ്റവാളികളെ പിടികൂടുന്നതിൽ നിർണായകമായേക്കാം . അതിനാൽ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.