ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയുടെ പുതുക്കൽ പ്രക്രിയ വൈകുന്നതിനാൽ ഡ്രൈവർമാർക്ക് പുതുക്കിയ ലൈസൻസ് ലഭിക്കുന്നതിനായി അഞ്ച് മാസത്തോളം കാത്തിരിക്കേണ്ടി വരും. എന്നാൽ ഈ കാലതാമാസം ഒഴിവാക്കാനായി ഓൺലൈൻ വഴി ലൈസൻസ് പുതുക്കണമെന്ന് ഉടമകളോട് ഡിവിഎൽഎ ആവശ്യപ്പെട്ടു. നിലവിലെ കോവിഡ് സാഹചര്യം കാരണമാണ് ആപ്ലിക്കേഷനുകളിൽ കാലതാമസം വന്നതെന്ന് അവർ അറിയിച്ചു. 10 ആഴ്ച മുമ്പ് ജൂൺ 9 ന് അപേക്ഷ സമർപ്പിച്ച ഉടമകളുടെ ലൈസൻസ് പുതുക്കൽ നടപടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പുതുക്കൽ പ്രക്രിയ പൂർണമാകാൻ 6 മുതൽ 10 ആഴ്ച വരെ സമയം എടുക്കുമെന്ന് ഏജൻസി വെബ്സൈറ്റ് പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ ജൂൺ 9 ന് അപേക്ഷ സമർപ്പിച്ചവർക്ക് അവരുടെ രേഖകൾ ലഭിക്കാൻ അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും.
“ഈ അസൗകര്യമുണ്ടായതിൽ ഞങ്ങൾ ഖേദം അറിയിക്കുന്നു. പക്ഷേ നിങ്ങളുടെ അപേക്ഷ പൂർത്തിയാക്കാൻ കഴിയുന്നത്ര വേഗത്തിൽ ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്.” ഡിവിഎൽഎ പറഞ്ഞു. “ഓരോ ദിവസവും 60,000 -ത്തോളം മെയിലുകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്.” അവർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ഓൺലൈൻ അപേക്ഷകൾക്ക് കാലതാമസമില്ലെന്ന് ഏജൻസി പറയുകയും സാധ്യമായിടത്ത് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ ഉപദേശിക്കുകയും ചെയ്തു. സാമൂഹിക വിദൂര നിയമങ്ങൾ കാരണം വളരെ കുറച്ചു ജീവനക്കാർ മാത്രമേ ഉള്ളെന്നും അതിനാൽ അപേക്ഷകൾ പരിശോധിച്ച് നടപടിയാക്കുന്നതിനാൽ കാലതാമസം ഉണ്ടാകുമെന്നും ഡിവിഎൽഎ വക്താവ് അറിയിച്ചു. “ഞങ്ങളുടെ ഓൺലൈൻ സേവനങ്ങളിൽ ഈ പ്രശ്നം ഇല്ല. കാലതാമസമില്ലാതെ പ്രവർത്തിക്കുന്നത് തുടരുന്നുണ്ട്. ഭൂരിഭാഗം ഇടപാടുകളും ഓൺലൈനിൽ നടത്താവുന്നതാണ്.” അദ്ദേഹം വ്യക്തമാക്കി.
Leave a Reply