ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണ വൈറസിൻെറ ഉത്ഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ആദ്യകാല കോവിഡ് -19 നെ കുറിച്ചുള്ള പൂർണവിവരങ്ങൾ ചൈന നൽകിയില്ലെന്ന് വെളിപ്പെടുത്തൽ. ലോകാരോഗ്യസംഘടനയുടെ അന്വേഷണ സംഘത്തിലുള്ള ശാസ്ത്രജ്ഞനാണ് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന ആരോപണം ഉയർത്തിയിരിക്കുന്നത്. 2019 ഡിസംബറിൽ വുഹാനിൽ കൊറോണാ വൈറസ് വ്യാപിച്ചതിൻെറ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞ 174 രോഗികളെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും പൂർണ്ണ വിവരങ്ങൾക്ക് പകരം ഒരു സംഗ്രഹം മാത്രമേ ചൈനീസ് അധികൃതരുടെ ഭാഗത്തുനിന്ന് ലഭ്യമായുള്ളൂ എന്ന് അന്വേഷണ സംഘത്തിലെ അംഗമായ ഓസ്ട്രേലിയൻ പകർച്ചവ്യാധി വിദഗ്ധനായ ഡൊമിനിക് ഡ്വെയർ പറഞ്ഞു.
ആദ്യകാല 174 കേസുകളിൽ പകുതി മാത്രമാണ് വുഹാൻ മാർക്കറ്റിൽനിന്ന് വൈറസ് ബാധിച്ചതായി കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ രോഗികളെ കുറിച്ച് പൂർണ്ണ വിവരങ്ങൾ ലഭ്യമാകുന്നത് വൈറസിൻെറ ഉത്ഭവത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം പുറത്തുവരുന്നതിന് ആവശ്യമാണെന്നാണ് ഡൊമിനിക് ഡ്വെയർ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും ആദ്യകാല പഠനത്തിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഒരു മാസത്തോളം നീണ്ടുനിന്ന അന്വേഷണത്തിലെ കണ്ടെത്തലുകൾ അടുത്ത ആഴ്ച പുറത്തുവിടുമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. വുഹാനിലെ ലബോറട്ടറിയിൽ കോവിഡ് -19 സൃഷ്ടിക്കപ്പെട്ടതാണെന്ന ആരോപണം പൂർണമായും തള്ളിക്കളഞ്ഞിട്ടില്ലന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞത് വളരെയേറെ ചർച്ചാവിഷയമായിരുന്നു.
Leave a Reply