ന്യൂസ് ഡെസ്ക് മലയാളം യുകെ

ജീവനക്കാർക്ക് കോവിഡ് പിടിപെട്ടതുമൂലം ഈസി ജെറ്റ് തങ്ങളുടെ ഇന്നത്തെ നൂറോളം ഫ്ലൈറ്റുകൾ റദ്ദാക്കി . ഇതിൽ യുകെയിൽ നിന്നുള്ള 62 വിമാനങ്ങളും ഉൾപ്പെടുന്നു. യുകെയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയത് ഒട്ടേറെ മലയാളികളുടെ അവധിക്കാല യാത്രകളെ ബാധിച്ചതായാണ് അറിയുന്നത്. ഈസ്റ്റർ അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണം കൂടി നിൽക്കുന്ന സമയത്തുള്ള അപ്രതീക്ഷിതമായ യാത്രാ മുടക്കം ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നവർക്ക് വൻ തിരിച്ചടിയായി.

പല യാത്രക്കാർക്കും എയർപോർട്ടുകളിലെ നീണ്ട ക്യൂ മൂലം യാത്ര മുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്.  കോവിഡ് കൂടുന്നത് മൂലമുള്ള ജീവനക്കാരുടെ കുറവ് വിമാന സർവീസുകളുടെ താളം തെറ്റിക്കുകയാണ്. സ്റ്റാൻഡ് ബൈ ക്രൂവിനെ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പക്ഷേ സാധിച്ചില്ലെന്ന് എയർലൈൻ പത്രക്കുറിപ്പിൽ അറിയിച്ചു. ജീവനക്കാരുടെ അഭാവം മൂലം വിമാനങ്ങളിൽ നീണ്ട ക്യൂ സ്ഥിരം കാഴ്ചയായി മാറുകയാണ്.


ദിനംപ്രതി 1645 വിമാനസർവീസുകൾ നടത്തുന്ന ഈസി ജെറ്റ് യൂറോപ്പിലെ ഏറ്റവും വലിയ വിമാന സർവീസുകളിലൊന്നാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് വരുംദിവസങ്ങളിലും വിമാനസർവീസുകളുടെ റദ്ദാക്കൽ തുടർന്നേക്കാം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ക്യാൻസൽ ആക്കപ്പെട്ട വിമാന സർവീസുകളിലെ യാത്രക്കാരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും റീ ബുക്ക് ചെയ്യാനോ റീഫണ്ട് ചെയ്യാനോ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വിമാന കമ്പനി അറിയിച്ചു.