കൊച്ചി: ശബരിമലയിലെ സ്വർണക്കവർച്ച കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെത്തിയതായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഹൈക്കോടതിയെ അറിയിച്ചു. ദ്വാരപാലക വിഗ്രഹങ്ങളിലെയും ശ്രീകോവിൽ ഭാഗങ്ങളിലെയും സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികളിൽ നിന്ന് സ്വർണ്ണം നഷ്ടമായെന്ന പരാതിയുമായി ബന്ധപ്പെട്ട് ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ പ്രതികളുടെ പങ്കും ഉത്തരവാദിത്വവും വ്യക്തമായി നിർണയിക്കാനാകൂവെന്ന് എസ്ഐടി കോടതിയെ അറിയിച്ചു.
ഇതിനോടകം 391 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലുമായി വിശദമായ പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. സ്വർണപ്പൂശൽ, മിനുക്കുപണികൾ, പായ്ക്കിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളെക്കുറിച്ച് വിശദമായ രേഖകളും തയ്യാറാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട 36 സാമ്പിളുകളാണ് ദേശീയ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്.
പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതോടെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും സാധ്യതയുണ്ടെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട അന്വേഷണസംഘത്തിന് ഹൈക്കോടതി അധിക സമയം അനുവദിക്കുകയും കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കുകയും ചെയ്തു.











Leave a Reply