ജോസ് ജെ വെടികാട്ട്
പണം ചെലവാക്കുന്നതിനെ സംബന്ധിച്ച് ഞാൻ രൂപപ്പെടുത്തിയ ഒന്നാമത്തേ തത്വം താഴെ പ്രതിപാദിക്കുന്നു.
പണം ചെലവാക്കുന്നതിനെ കുറിച്ച് സാധാരണ മനുഷ്യനിൽ അന്തർലനീയമായ തത്വം വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്. ഏറ്റവും കുറഞ്ഞതും അഭികാമ്യവുമായ ചിലവ് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഉണ്ടാകേണ്ടതാണ്. പണം ചെലവാക്കുന്നതിനുള്ള പ്രവണതയായ പണം ചെലവഴിക്കലിന്റെ ആവൃത്തി(frequency) അഥവാ ഉപഭോഗചിലവിന്റെ ആവൃത്തി കുറഞ്ഞിരുന്നാൽ വ്യക്തിക്ക് കൂടുതൽ സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്ത്വവും കൈവരുന്നു. മുതലാളിത്തം അഥവാ കമ്പോളവ്യവസ്ഥയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയോ, ജനാധിപത്യസോഷ്യലിസത്തിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയോ ഈ തത്വം പ്രാവർത്തികമാകാൻ അനിവാര്യമാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ പണം മിച്ചം പിടിക്കാൻ ആരും താത്പര്യം കാണിക്കില്ല. കാരണം പണം സ്വരൂപിക്കുന്നത് അവിടെ നിരർത്ഥകമാണ്.
ആപേക്ഷികമായി ഈ തത്വത്തിന് വളരെ പ്രസക്തിയുണ്ട്. സാധാരണക്കാരന്റെയും, പാവപ്പെട്ടവന്റെയും കാര്യത്തിൽ, ഉപഭോഗത്തിന് വേണ്ടി ചിലവാക്കുന്ന പണം താരതമ്യം ചെയ്താൽ അത് ധനാഡ്യന്റെതിനേക്കാൾ വളരെ കുറവാണ്. ധനാഡ്യന്റെ ഉപഭോഗചിലവ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ഉപഭോഗചിലവിനെക്കാൾ കുറവാണ്. വരുമാനത്തിന്റെ ശതമാനമായ് ചിലവ് കണക്കാക്കിയാൽ. സാധാരണക്കാരനും പാവപ്പെട്ടവനും തങ്ങളുടെ കുറഞ്ഞ വരുമാനത്തിന്റെ ഏറിയ ഭാഗവും ഉപഭോഗത്തിനാണ് ചെലവാക്കുന്നത്. ഒരു നിശ്ചിതകാലയളവിലുള്ള അഥവാ ഒരു നിശ്ചിത സമയപരിധിക്കുള്ളിലുള്ള ഉപഭോഗചിലവിനാണ് ഉപഭോഗചെലവിന്റെ ആവൃത്തി അഥവാ പണം ചെലവാക്കുന്നതിന്റെ ആവൃത്തി എന്നു പറയുന്നത്.
ഒരു നിശ്ചിതസമയപരിധിക്കുള്ളിൽ എത്ര പ്രാവശ്യം പണം എത്രത്തോളം ചിലവഴിക്കുന്നു എന്നും ഇതിന് വിവക്ഷയുണ്ട്. ഒരു ഉപഭോക്താവിന് വീണ്ടും വീണ്ടും പണം ചിലവാക്കാനുള്ള പ്രവണതയുണ്ട്. അതു തന്നെയാണ് പണം ചിലവഴിക്കുന്നതിന്റെ ആവൃത്തി. അതായത് ചിലവഴിക്കൽ ആവർത്തിക്കപ്പെടുന്നു. എത്ര കിട്ടിയാലും തികയില്ല. പോരാ. കുറഞ്ഞ സമയത്തിനുള്ളിൽ പണം മുഴുവൻ ചിലവാക്കിത്തീർക്കുന്നത് ഒട്ടും അഭികാമ്യമല്ല. പിന്നീട് എന്തു ചെയ്യും? ഒരു മനുഷ്യന്റെ ആവശ്യങ്ങൾക്ക് പരിധിയില്ലാത്തതാണ് എത്ര ചെലവാക്കിയാലും അവന് സംതൃപ്തി കൈവരാത്തതിന്റെ കാരണം. അത്യാവശ്യങ്ങൾക്ക് കുടുതൽ പ്രാധാന്യം നൽകണം, ചിലവാക്കുന്ന കാര്യത്തിൽ. പക്ഷേ മനുഷ്യന് എല്ലാം അത്യാവശ്യങ്ങളാണ്.
വരുമാനം കൂടുമ്പോൾ ഒരാൾ പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന പണം, അയാളുടെ ആകെ വരുമാനവുമായി തട്ടിച്ച് നോക്കുമ്പോൾ താരതമ്യേന കുറവാണ്. അതായത് വരുമാനം കൂടുമ്പോൾ പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന പണം വരുമാനത്തിന്റെ ശതമാനമായി കണക്കാക്കിയാൽ താരതമ്യേന കുറവാണെന്ന് കാണാം. കാരണം ഇവിടെ സമ്പാദ്യം കൂടുതലായി സ്വരൂപിക്കപ്പെടുന്നു.സമ്പാദ്യം കൂടുതൽ സ്വരൂപിക്കപ്പെടുക വഴി ജീവിതത്തിൽ കൂടുതൽ ഉന്നതി പ്രാപിക്കാനാണ് വ്യക്തികൾ ശ്രമിക്കുന്നത്. അതോടൊപ്പം ആകെച്ചിലവിലും വർദ്ധനവുണ്ടാകുന്നു. ഇവിടെ വ്യാപാര വ്യവസായ സംരംഭങ്ങളിൽ പണം നിക്ഷേപിക്കുവാൻ ആളുകൾ കൂടുതൽ താത്പര്യം കാണിക്കുന്നു. ഉപഭോഗചെലവ് വരുമാനത്തിന്റെ ശതമാനമായ് കണക്കാക്കിയാൽ അത് സമ്പത്തുമായ് അഥവാ ആസ്തിയുമായ് നെഗറ്റീവായ് ബന്ധപ്പെട്ടിരിക്കുന്നു. (Correlated negatively)
ചിലവിന്റെ ആവൃത്തിയുടെ കാര്യത്തിലും ഇത് ശരിയാണ്. വരുമാനം കൂടുമ്പോൾ ഉപഭോഗചിലവും കൂടുന്നു. വരുമാനത്തിന്റെ ശതമാനമായ് കണക്കാക്കിയാൽ ഉപഭോഗചിലവിന്റെ ആവൃത്തി വരുമാനമായും സമ്പത്ത് അഥവാ ആസ്തിയുമായും നെഗറ്റീവായ് ബന്ധപ്പെട്ടിരിക്കുന്നു. കമ്പോളവ്യവസ്ഥയിൽ പണം ചിലവാക്കാനുള്ള അവസരങ്ങളും പണം ചിലവാക്കാനുള്ള താത്പര്യവും കൂടുതലാണല്ലോ. ഇവിടെ ആവശ്യങ്ങൾ കൂടുതലായി സൃഷ്ടിക്കപ്പെടുന്നു. ഇപ്രകാരം കമ്പോളവത്കരണത്തിൽ അധിഷ്ഠിതമായ ആവശ്യങ്ങളുടെ സൃഷ്ടി ഈ ബന്ധത്തെ(വരുമാനവും ഉപഭോഗചിലവും) പോസിറ്റീവാക്കുന്നു. പണം ചെലവാക്കുന്നതിനെ കുറിച്ചുള്ള തത്വം ശരാശരിയിൽ ഊന്നിയുള്ളതാണ്. അതൊരു ശരാശരി തത്വമാണ്.(a principle of the average) ‘ഉള്ളപ്പോൾ ഓണം പോലെ “എന്ന് പറയുന്നതിനേക്കാൾ നല്ലത് എന്നും കുറച്ചെങ്കിലുമുണ്ട് എന്നു പറയുന്നതാണ്. അതായത് ഒരു ദിവസം പോലും തീരെ ഇല്ലാതെ വരുന്നില്ല . ശരാശരി ഉപഭോഗമെങ്കിലും എന്നും സാധ്യമായാൽ ജീവിതം സുരക്ഷിതമാണെന്നു കരുതാം.
പണം ചെലവാക്കുന്നതിനെക്കുറിച്ചുള്ള സാധാരണ മനുഷ്യന്റെ തത്വത്തിന് ആഗോളപ്രസക്തിയുണ്ട്. ധനവാന്മാരുടെയും സാധാരണക്കാരുടെയും കാര്യത്തിൽ അത് ഒരേ പോലെ പ്രസക്തമാണ്. പണമുള്ളവർ ഓഹരി വാങ്ങാനും മറ്റ് സംരംഭങ്ങളിൽ ഏർപ്പെടാനും വ്യഗ്രതയുള്ളവരാണ്. ആയതിനാൽ അവർക്കും ഒരു പരിധിയിൽ കവിഞ്ഞ് ഉപഭോഗത്തിന് പണം ചിലവിടാൻ പറ്റില്ല. ജീവിതത്തിൽ ആസ്വദിക്കാനുള്ളതിനും ഉപയുക്തമാക്കാനുള്ളതിനും ഒരു പരിധി ഉണ്ടാകുന്നത് നല്ലതാണ്.
ജീവിതത്തിൽ ഉന്നതപദവി കൈവരിച്ചവരെല്ലാം ഈ തത്വം പ്രാവർത്തീകമാക്കിയവരാണെന്നു കരുതാം. ചിലവ് ചുരുക്കലിലാണ് ജീവിതവിജയത്തിന്റെ തുടക്കം. ‘അധികമായാൽ അമൃതവും വിഷം.” ‘മിതത്വം “ജീവിതത്തിന്റെ ഒരു മൗലിക ഗുണമാണ്. ചുരുക്കത്തിൽ പണച്ചിലവിന്റെ അഥവാ ഉപഭോഗചിലവിന്റെ ആവൃത്തി കുറഞ്ഞിരുന്നാൽ ഒരു വ്യക്തിയുടെ ജീവിതം സുരക്ഷിതമാവും. ശരാശരി ആവൃത്തിയാകുന്നതിൽ തെറ്റില്ല, എന്നാൽ ആവൃത്തിയെ കയറൂരി വിടരുത്.
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷങ്ങൾ അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
.
Leave a Reply