ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ചരിത്രം ഓര്‍മ്മിപ്പിക്കുന്ന മുസ്ലിം ആഘോഷമാണ് ബക്രീദ്. ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ എന്നും ഈദ് അല്‍ അദാ എന്ന പേരിലും ബക്രീദ് ആഘോഷിക്കുന്നു. ‘അദാ’ എന്ന വാക്കിന്റെ അര്‍ത്ഥം ‘ബലി’ എന്നാണ്. ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദിനെ വിശേഷിപ്പിക്കുന്നത്. ബലി പെരുന്നാള്‍ എന്ന വാക്കില്‍ നിന്ന് ‘വലിയ പെരുന്നാള്‍’ എന്ന പേരും ഈ ആഘോഷത്തിന് ലഭിച്ചു. പെരുന്നാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളില്‍ ഒന്നാണ് അറവുമാടുകളെ ബലികൊടുക്കുന്നത്.

ദൈവത്തിന്റ കല്‍പന അനുസരിച്ച് പ്രവാചകനായ ഇബ്രാഹിം നബി ആദ്യ പുത്രനായ ഇസ്മായിലിനെ ബലികൊടുക്കാന്‍ തീരുമാനിച്ചു. അതിലൂടെ അദ്ദേഹം ദൈവത്തിന്റെ പരീക്ഷണത്തെ വിജയിച്ചു. ബലി നല്‍കുന്ന സമയത്ത് ദൈവദൂതന്‍ വരികയും ഇസ്മായിലിന്റ സ്ഥാനത്ത് ആടിനെ വയ്ക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ എന്നാണ് വിശ്വാസം.

ദൈവപ്രീതിക്കായി മനുഷ്യരെ ബലി നല്‍കരുതെന്ന സന്ദേശവും ഈ സംഭവം നമുക്ക് മനസിലാക്കിത്തരുന്നു. 400 ഗ്രാം സ്വര്‍ണ്ണത്തില്‍ കൂടുതല്‍ സമ്പത്തുളള ഓരോ മുസ്ലീം വിശ്വാസിയും ബലി നല്‍കണം എന്നാണ് നിയമം. ഇത് അല്ലാഹുവിനോടുളള പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ഭാഗമായി കാണുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പള്ളികളില്‍ പ്രാര്‍ത്ഥന. പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ല. പെരുന്നാളിന് കിട്ടിയ ലോക്ഡൗണ്‍ ഇളവില്‍ കച്ചവടസ്ഥാപനങ്ങളെല്ലാം സജീവമായിരുന്നു.

ഒത്തുചേരലില്ലാതെ കോവിഡിന്റെ നിയന്ത്രണങ്ങളോടെയാണ് പെരുന്നാള്‍ ആഘോഷിക്കുക. പള്ളികളില്‍ 40 പേര്‍ക്ക് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാം. ഇത് സാമൂഹിക അകലം പാലിച്ചായിരിക്കണം. ഹസ്തദാനമോ ആലിംഗനമോ പാടില്ല.വീടുകളില്‍ ഇരുന്ന് ആഘോഷങ്ങളില്‍ പങ്കെടുത്ത് കോവിഡിനെതിരെയുള്ള പോരാട്ടം കൂടിയാണ് ഈ പെരുന്നാള്‍.

അതേ സമയം പെരുന്നാളിന് കിട്ടിയ ഇളവില്‍ കച്ചവട സ്ഥാപനങ്ങള്‍ സജീവമായിരുന്നു. ഇളവു ലഭിച്ച രണ്ടു ദിവസവും അത്ര തിരക്ക് അനുഭവപ്പെട്ടിരുന്നില്ലെങ്കിലും ഇന്ന് മിഠായിത്തെരുവ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ആളുകള്‍ നിറഞ്ഞു.