ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ :- കാലാവസ്ഥ വ്യതിയാനത്തിൻെറ പരിണിതഫലങ്ങൾ അതീവ ഗുരുതരമെന്ന് ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനമെന്ന ഈ പ്രതിസന്ധിയെ മറികടക്കുവാൻ വേണ്ടതായ നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളും ജനങ്ങളും ലണ്ടനിലെ വിക്റ്റോറിയ പാർക്ക് ഗാർഡനിൽ പ്രതിഷേധ പ്രകടനം നടത്തി. തങ്ങളുടെ പഠന മുറികളെ വിട്ട് തെരുവിലിറങ്ങിയ വിദ്യാർത്ഥി സമൂഹവും, ജനങ്ങളും എല്ലാം ചേർന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനങ്ങളിലൊന്നായി ഇതു മാറി.

ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ സെൻട്രൽ ലണ്ടനിൽ മാത്രം പങ്കെടുത്തു എന്നാണ് സംഘാടകർ നൽകിയ റിപ്പോർട്ട്. എഡിൻബർഗിൽ ഇരുപതിനായിരത്തോളം പേരും, ബ്രൈറ്റണിൽ പതിനായിരത്തോളം പേരും പങ്കെടുത്തു. പ്രതിഷേധപ്രകടനം പൊതുവേ സമാധാനപരമായിരുന്നു. എന്നാൽ ഉച്ചയോടുകൂടി ലാംബെത് പാലത്തിലെ ട്രാഫിക് തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

ക്രമസമാധാനം ലംഘിച്ചു എന്ന കുറ്റത്തിന് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരമൊരു പ്രതിഷേധപ്രകടനം സമൂഹത്തെ ആകെ ഉണർത്തിയിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനമെന്ന വിഷയത്തെ ജനശ്രദ്ധയിലേക്ക് കൊണ്ടുവരുവാൻ ഇത്തരമൊരു പ്രതിഷേധ പ്രകടനത്തിന് കഴിഞ്ഞുവെന്ന് ലേബർ പാർട്ടി നേതാവ് ജെറെമി കോർബിൻ രേഖപ്പെടുത്തി. കാലാവസ്ഥ വ്യതിയാനത്തെ മറികടക്കുവാൻ വേണ്ടതായ നടപടികൾ എടുക്കാത്തതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹം കുറ്റപ്പെടുത്തി.

ഗ്രീൻ പാർട്ടി നേതാവ് കരോളിൻ ലൂക്കാസ് പ്രതിഷേധ പ്രകടനത്തിൽ പങ്കുചേർന്നു. ലോകത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുന്ന ഈ പ്രതിസന്ധിയെ മറികടക്കുവാൻ എല്ലാവരും കൂട്ടായി പ്രയത്നിക്കണമെന്ന് അവർ പറഞ്ഞു.