ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: മേഫെയർ, ബെൽഗ്രേവിയ, നൈറ്റ്സ്ബ്രിഡ്ജ് തുടങ്ങിയ ലണ്ടനിലെ ഏറ്റവും സമ്പന്ന മേഖലകളിൽ വിൽപ്പനയ്ക്കെത്തുന്ന പത്തിൽ എട്ട് വീടുകളും ഉടമകൾ ആവശ്യപ്പെടുന്ന വിലയേക്കാൾ കുറഞ്ഞ തുകയ്ക്കാണ് വിറ്റുപോകുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . സമ്പന്നരായ ഇടപാടുകാർക്ക് സ്വകാര്യ ബാങ്കിങ് സേവനം നൽകുന്ന കൗട്ട്സിന്റെ (Coutts) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രൈം സെൻട്രൽ ലണ്ടനിലെ വീടുകളുടെ വില 2026-ലെ മൂന്നാം പാദത്തിൽ അഞ്ച് ശതമാനം ആണ് കുറഞ്ഞത് . ആവശ്യപ്പെട്ട വിലയേക്കാൾ ശരാശരി പത്ത് ശതമാനം കുറവിലാണ് വീടുകൾ വിൽക്കപ്പെടുന്നത്. ഇതോടെ ചില വീട്ടുടമകൾക്ക് ലക്ഷക്കണക്കിന് പൗണ്ട് മുതൽ ദശലക്ഷക്കണക്കിന് പൗണ്ട് വരെ മൂല്യനഷ്ടമുണ്ടാകുന്ന സാഹചര്യമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2014-ലെ ഏറ്റവും ഉയർന്ന നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ലണ്ടനിലെ ആഡംബര ഭവനവിലയിൽ 14 ശതമാനം ഇടിവുണ്ടായി. ബ്രെക്സിറ്റ്, കോവിഡ് മഹാമാരി, ഉയർന്ന നികുതികൾ, വായ്പാ ചെലവുകളിലെ വർധന എന്നിവയാണ് വിപണിയെ പ്രധാനമായും ബാധിച്ചത്. വിദേശത്തു നിന്ന് വാങ്ങുന്നവരുടെ താൽപര്യം കുറഞ്ഞതും തിരിച്ചടിയായി. നൈറ്റ്സ്ബ്രിഡ്ജ്, ബെൽഗ്രേവിയ, സൗത്ത് കെൻസിങ്ടൺ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും വലിയ വിലയിടിവ്. ചില പ്രദേശങ്ങളിൽ വീടുകളുടെ വില മുൻകാലത്തെ ഉയർന്ന നിരക്കിനെ അപേക്ഷിച്ച് 30.8 ശതമാനം വരെയും കുറഞ്ഞിട്ടുണ്ട്. വിൽപ്പനക്കാർ കൂടുതൽ ജാഗ്രത പുലർത്തുന്നതായും പുതിയ വീടുകളുടെ ലിസ്റ്റിങ് മുൻപാദത്തെ അപേക്ഷിച്ച് 14 ശതമാനം കുറഞ്ഞതായും കൗട്ട്സ് റിപ്പോർട്ട് പറയുന്നു.

മൂന്നാം പാദത്തിൽ വീടുകളുടെ വിൽപ്പന ഇടപാടുകളിൽ 9.1 ശതമാനം കുറവുണ്ടായി. രണ്ട് മുതൽ അഞ്ച് ദശലക്ഷം പൗണ്ട് വരെ വിലയുള്ള വീടുകളുടെ ഇടപാടുകളിലാണ് 22.3 ശതമാനം ഇടിവുണ്ടായത്. അതേസമയം, പത്ത് ദശലക്ഷം പൗണ്ടിന് മുകളിൽ വിലയുള്ള വീടുകളുടെ വിപണിയിൽ സജീവത തുടരുന്നതായാണ് സാവിൽസിന്റെ (Savills) പഠനം വ്യക്തമാക്കുന്നത്. ഈ വർഷത്തെ മൂന്നാം പാദത്തിൽ മാത്രം ഇത്തരത്തിലുള്ള 26 ഇടപാടുകൾ നടന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആകെ 127 വീടുകൾ വിറ്റുപോയി. ഇവയുടെ മൊത്തം മൂല്യം 2.88 ബില്യൺ പൗണ്ടാണ്. അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന പലിശനിരക്ക് ഉയരാനുള്ള സാധ്യതയും ഭവനവിപണിയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.