ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്കോട്ട് മോറിസൺ സഖ്യത്തെ പുറത്താക്കിക്കൊണ്ട് ഏകദേശം ഒരു ദശാബ്ദത്തിനൊടുവിൽ ഓസ്ട്രേലിയയിൽ ലേബർ പാർട്ടി നേതാവ് ആന്റണി അൽബനീസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തൻെറ വിജയം ഓസ്ട്രേലിയയിലെ ജനത മാറ്റത്തിനു വേണ്ടി വോട്ടു ചെയ്തതിൻെറ ഫലമാണെന്ന് അൽബനീസ് പറഞ്ഞു. എന്നാൽ ഇദ്ദേഹത്തിന് ഭൂരിപക്ഷം ലഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ആളുകളെ ഒരുമിച്ച് കൊണ്ടുവരുമെന്നും സാമൂഹിക സേവനങ്ങളിൽ നിക്ഷേപം നടത്തുമെന്നും മധ്യ ഇടതുപക്ഷ നേതാവ് പ്രതിജ്ഞയെടുത്തു. തൻെറ വിജയത്തിന് കാരണമായ ഓസ്ട്രേലിയൻ ജനതയോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

സിഡ്‌നിയിലെ പാർട്ടിയുടെ വിജയത്തിനു പിന്നാലെ തനിക്ക് രാജ്യത്തെ നയിക്കാനായത് വലിയ ബഹുമതി ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്ട്രേലിയൻ ജനതയെ ഒരുമിച്ചു കൊണ്ടുവരാൻ തൻറെ പാർട്ടി എല്ലാദിവസവും പ്രയത്നിക്കുമെന്നും ഓസ്ട്രേലിയയിലെ ജനങ്ങൾക്ക് യോഗ്യമായ ഒരു സർക്കാരിനെ തങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാൻ, ഇന്ത്യ, യുഎസ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള ഉച്ചകോടിക്കായി അൽബനീസ് തിങ്കളാഴ്ച ടോക്കിയോയിലേക്ക് പോകും. ഓസ്ട്രേലിയയിലെ പ്രധാനമന്ത്രിയുടെ സ്ഥാനത്തുനിന്നാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. അതിനാൽ തന്നെ ഉടനെ തന്നെ അദ്ദേഹത്തിൻെറ സത്യപ്രതിജ്ഞ ഉണ്ടാകും. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കാലം സേവിച്ച രാഷ്ട്രീയപ്രവർത്തകരിൽ ഒരാളായ അൽബനീസ് 2013-ൽ കെവിൻ റൂഡിന്റെ ഉപപ്രധാനമന്ത്രിയായി ഹ്രസ്വകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാത്രമല്ല അദ്ദേഹം പാർട്ടിയുടെ മുൻനിര നേതാക്കളിൽ ഒരാളാണ്.