കോവിഡ് വരുമെന്നല്ലേയുള്ളു, പിപിഇ കിറ്റ് ഇട്ട് അല്ല നിന്നിരുന്നതെങ്കിലും ആ രോഗിയെ രക്ഷിക്കാന്‍ തന്നെയേ ശ്രമിക്കൂ എന്നും കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച സംഭവത്തില്‍ പ്രതികരിച്ച് സന്നദ്ധ പ്രവര്‍ത്തകരായ രേഖയും അശ്വിനും.

‘ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ രോഗി ശ്വാസം കിട്ടാതെ അവശനിലയിലായിരുന്നു. ഞങ്ങള്‍ പി.പി.ഇ കിറ്റ് ഇട്ടായിരുന്നു ഭക്ഷണം കൊടുക്കാന്‍ എത്തിയത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും അവര്‍ ഓട്ടത്തിലായിരുന്നു. എത്താന്‍ ഒരു പത്തു മിനുട്ട് എടുക്കുമെന്ന് പറഞ്ഞു. അപ്പോള്‍ അയാളെ രക്ഷിക്കുക എന്ന് മാത്രമേ ചിന്തിച്ചുള്ളു, രേഖ പറഞ്ഞു.

‘ആശങ്കയല്ല, ആ രോഗിയെ രക്ഷിക്കണമെന്നാണ് അപ്പോള്‍ തോന്നിയത്. അതിപ്പോള്‍ ഞങ്ങള്‍ പി.പി.ഇ കിറ്റ് ഇട്ട് അല്ല നില്‍ക്കുന്നതെങ്കിലും ആ ആളെ രക്ഷിക്കാനേ ശ്രമിക്കുകയുണ്ടായിരുന്നുള്ളു. അതിപ്പോള്‍ കോവിഡ് വരുമെന്നല്ലേയുള്ളു. മറ്റൊന്നും ചിന്തിക്കില്ല,’ രേഖ പറഞ്ഞു. 24 ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രേഖയും അശ്വിനും.

കോവിഡ് ബാധിതനായ 37 കാരനായ സാബുവിനെയാണ് സന്നദ്ധ പ്രവര്‍ത്തകരായ രേഖയും അശ്വിനും ആംബുലന്‍സ് വരാന്‍ കാത്തു നില്‍ക്കാതെ സഹകരണ ആശുപത്രിയിലെത്തിച്ചത്. ഇവരെ അഭിനന്ദിച്ച് രോഗിക്ക് പ്രാഥമിക ചികിത്സ നല്‍കിയ കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ അരുണും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അഭിനന്ദിക്കുന്നതിന് പകരം വാര്‍ത്ത വളച്ചൊടിയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പുന്നപ്രയിലെ പോളിടെക്നിക് വനിത ഹോസ്റ്റല്‍ സിഎഫ്എല്‍ടിസില്‍ രാവിലെ പത്തോടെയാണ് സംഭവം. രോഗികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ എത്തിയതാണ് സന്നദ്ധപ്രവര്‍ത്തകരായ രേഖയും അശ്വിനും.

ഭക്ഷണം നല്‍കുന്നതിനിടെ മൂന്നാം നിലയിലുള്ള രോഗി ശ്വാസംമുട്ടലില്‍ പിടയുന്നതായി അവിടെയുള്ളവര്‍ വന്നു പറഞ്ഞതിനെ തുടര്‍ന്ന് ഓടി ചെന്ന ഇവര്‍ കണ്ടത് ശ്വസിക്കാന്‍ ബുദ്ധിമുട്ടി അവശനിലയില്‍ കിടക്കുന്ന രോഗിയേയാണ്. പെട്ടെന്നു തന്നെ അടുത്തുള്ള ആശുപത്രിയില്‍ വിളിച്ച് ആംബുലന്‍സ് എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും 10 15 മിനിട്ട് താമസമുണ്ടെന്നാണ് അറിയിച്ചത്.

തുടര്‍ന്ന് സമയം പാഴാക്കാതെ ഇരുവരും രോഗിയെ മറ്റുള്ളവരുടെ സഹായത്തോടെ താഴെയെത്തിച്ചു. ഇരുവരും പിപിഇ കിറ്റ് ധരിച്ച് ബൈക്കില്‍ കയറി അവര്‍ക്ക് ഇടയില്‍ സാബുവിനെ ഇരുത്തി ആശുപത്രിയില്‍ എത്തിച്ചു. ആംബുലന്‍സിനു കാക്കാതെ സ്വന്തം സുരക്ഷ പോലും നോക്കാതെയാണ് ഈ ചെറുപ്പക്കാരുടെ മാനുഷിക ഇടപെടല്‍. ഉടനെ തന്നെ അടുത്തുള്ള സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ഐസിയു ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആംബുലന്‍സ് വരാന്‍ അവര്‍ കാത്തുനിന്നിരുന്നെങ്കില്‍ രോഗിയുടെ ജീവന്‍ നഷ്ടമാകുമായിരുന്നെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.