നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അഫ്ഗാൻ ജയിലില്‍ കഴിയുന്ന ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം ഇന്ത്യ തള്ളിക്കളഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഫ്ഗാനില്‍ വെച്ച് ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതോടെ ഇവർ കീഴടങ്ങുകയായിരുന്നു.

ഐ.എസ്. ഭീകരനായിരുന്ന ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയുടെ ഭാര്യയാണ് നിമിഷ. ബെക്സിന്‍ വിന്‍സെന്റിന്റെ സഹോദരന്‍ ബെസ്റ്റിന്‍ വിന്‍സന്റിന്റെ ഭാര്യയാണ് മറിയം എന്നു പേരുമാറ്റിയ മെര്‍ലിന്‍ ജേക്കബ് പാലത്ത്. ഭര്‍ത്താവ് ബെസ്റ്റിന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ ഉടുമ്പുന്തല സ്വദേശിയായ ഐ.എസ്. ഭീകരന്‍ അബ്ദുള്‍ റഷീദിനെ വിവാഹം കഴിച്ചു. പിന്നീട് റഷീദും കൊല്ലപ്പെട്ടു. റഷീദിന്റെ മുന്‍ ഭാര്യമാരിലൊരാള്‍ മലയാളിയായ സോണിയാ സെബാസ്റ്റ്യനാണ്. കൊല്ലപ്പെട്ട ഐ.എസ്. പ്രവര്‍ത്തകൻ ഇജാസ് പുരയിലിന്റെ ഭാര്യയാണ് റഹീല പുരയില്‍.

കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചതെന്ന് പോലീസ് രേഖകള്‍ പറയുന്നു.

പെണ്‍കുട്ടിയെ കാസര്‍കോട്ട് പഠിച്ചുകൊണ്ടിരിക്കെ കാണാതായിരുന്നു. കാണാതായ സമയത്ത് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് നിമിഷയുടെ മതപരിവര്‍ത്തനത്തെക്കുറിച്ചും മറ്റും വിവരിക്കുന്നത്.

കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ട് 2015 നവംബറില്‍ അന്നത്തെ സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്.കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നീട് നിമിഷ ഫാത്തിമ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികളും ആയിശ, മറിയ എന്നിവര്‍ വഴിയാണ് ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.

ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ താത്പര്യം പറഞ്ഞപ്പോള്‍ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു. വെറും നാലു ദിവസത്തെ പരിചയം വെച്ചാണ് അവര്‍ വിവാഹിതരായതെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടുകാര്‍ക്കു നല്‍കിയ സൂചന. അസ്വാഭാവിക സാഹചര്യത്തില്‍ കാണാതായ നിമിഷയുമായി 2016ജൂണ്‍ 4-ന് ശേഷം വീട്ടുകാര്‍ക്കു ബന്ധപ്പെടാനായിട്ടില്ല.

ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും നേരത്തെ വ്യക്തമാക്കിയിരുന്നു.

തിരികെയെത്തിയാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറഞ്ഞിരുന്നു.. ഐഎസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയ പറഞ്ഞിരുന്നു.ഇസ്ലാമായി ജീവിക്കുന്നതിനാണ് തങ്ങള്‍ ഐ.എസില്‍ ചേര്‍ന്ന് അഫ്ഗാനിസ്താനിലേക്ക് പോയത്. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു. ഇനി ഐഎസിലേക്കൊരു മടക്കയാത്രയിയില്ലെന്നാണ് നേരത്തെ ഇരുവരും വ്യക്തമാക്കിയത്.