ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത ഭരണ വിരുദ്ധ വികാരത്തിൽ അധികാരത്തിലെത്തിയ ലേബർ പാർട്ടി സർക്കാർ ജനങ്ങളുടെ പ്രതീക്ഷകൾക്ക് ഒപ്പം ഉയർന്ന് പ്രവർത്തിക്കാൻ സാധിച്ചോ? 5 മാസം പിന്നിടുന്ന സർക്കാർ ജനപ്രീതിയിൽ അത്ര മുന്നിലല്ലെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. പ്രധാനമായും എൻഎച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കും, ദിനംപ്രതി കൂടിവരുന്ന കുടിയേറ്റത്തിന് പരിഹാരം കാണും തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ കെയർ സ്റ്റാർമർ മന്ത്രിസഭയ്ക്ക് പക്ഷേ പല മേഖലകളിലും ചുവട് പിഴയ്ക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ പ്രധാനമന്ത്രി തൻറെ സർക്കാരിൻറെ കാലയളവിൽ നടപ്പാക്കാൻ ലക്ഷ്യം വയ്ക്കുന്ന പ്രധാന നാഴിക കല്ലുകൾ രാജ്യത്തിന് മുമ്പാകെ അവതരിപ്പിച്ചു. ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച 6 സുപ്രധാന നാഴിക കല്ലുകളിലും കുടിയേറ്റം കുറയ്ക്കുന്നത് ഉൾപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമായി. പ്രധാനമായും കുടിയേറ്റ വിരുദ്ധ വികാരം ഇളക്കി വിട്ടാണ് ലേബർ പാർട്ടി ജനപിന്തുണ നേടിയെടുത്തത്. കുടിയേറ്റം കുറയ്ക്കുക എന്നത് പ്രധാന നാഴിക കല്ലുകളിൽ ഉൾപെടാത്തതിനെ കുറിച്ച് കടുത്ത വിമർശനം വരും ദിവസങ്ങളിൽ ഉയർന്നു വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ കുടിയേറ്റം കുറയ്ക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അത് സർക്കാർ ചെയ്തിരിക്കുമെന്നാണ് ഇതിനോട് കെയർ സ്റ്റാർമർ പ്രതികരിച്ചത്.

പ്രധാനമായും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക, 1.5 മില്യൺ വീടുകളും 150 പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കുക, എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുക, 13000 അധിക ഓഫീസർമാരെ നിയമിച്ച് പോലീസിനെ കൂടുതൽ സജ്ജമാക്കുക, കുട്ടികൾക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചസർക്കാരിന്റെ ലക്ഷ്യങ്ങൾ. തൻറെ ഭരണ കാലാവധി തീരുന്നതിന് മുൻപ് 1.5 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി അതിമോഹമാണെങ്കിലും അത് നടപ്പിലാക്കാനുള്ള നിശ്ചയദാർഢ്യം സർക്കാരിന് ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.