ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം ഇംഗ്ലണ്ടിലെ പൊതു നിരത്തിൽ വർദ്ധിക്കുകയാണ്. ഇതിൽ മൂന്നിലൊന്ന് സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്നത് ലണ്ടനിലാണ്. കഴിഞ്ഞ വർഷം തന്നെ രാജ്യത്തുടനീളം ഏകദേശം 8,680 ചാർജിങ് ഉപകരണങ്ങൾ പുതിയതായി സ്ഥാപിച്ചെന്നാണ് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്.

എന്നാൽ ചില പ്രദേശങ്ങൾ ഇക്കാര്യങ്ങളിൽ പിന്നിലാണ്. വടക്കൻ അയർലൻഡിലും ഇംഗ്ലണ്ടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുമാണ് ഏറ്റവും കുറഞ്ഞ ക്രമീകരണങ്ങൾ എന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ 2 ബില്യൺ പൗണ്ടിലധികം തുകയാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്. ഇലക്ട്രിക് വെഹിക്കിൾ ചാർജർ മാപ്പിംഗ് സേവനമായ സാപ് -മാപ്പ് വഴി ഗതാഗത വകുപ്പിന് നൽകിയ ഡേറ്റാ പ്രകാരം, 2023 ജനുവരി 1 വരെ യുകെയിൽ 37,055 പൊതു ഇലക്ട്രിക് വാഹന ചാർജിംഗ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ചു 31% വർദ്ധനവാണ് ഈ കൂട്ടത്തിൽ രേഖപ്പെടുത്തുന്നത്.

ലണ്ടൻ പോലുള്ള നഗര പരിതസ്ഥിതികളിൽ പൊതു ചാർജിംഗ് ഉപകരണങ്ങളുടെ ആവശ്യകത കൂടുതലാണെന്ന് ന്യൂ ഓട്ടോമോട്ടീവിലെ റിസർച്ച് ആൻഡ് പോളിസി ഓഫീസർ സിയാര കുക്ക് പറഞ്ഞു. ഇതുപോലുള്ള പ്രദേശങ്ങളിൽ ഓഫ്-സ്ട്രീറ്റ് ചാർജിംഗ് ആക്‌സസ് ഇല്ലാത്ത ധാരാളം ആളുകൾ ഉണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. സർക്കാർ പുറത്ത് വിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ ഏറ്റവും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇംഗ്ലണ്ടിൽ, നോർത്ത് വെസ്റ്റിലാണ് ഏറ്റവും കുറവ് ചാർജ്ജിംഗ് ഉപകരണങ്ങൾ ഉള്ളത്.