ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടന്റെ 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഗ്രാൻസ്ലാം നേടിയിരിക്കുകയാണ് ബ്രിട്ടീഷ് താരം എമ്മ റാഡുക്കാനു. കാനഡയുടെ ലെയ്‌ല ഫെർണാണ്ടസിനെ 6-4, 6-3 എന്നീ സ്കോറുകൾക്ക് തോൽപ്പിച്ചാണ് പതിനെട്ടുകാരിയായ എമ്മ കിരീടം നേടിയത്. ഇതോടൊപ്പംതന്നെ 1977 ൽ വിർജിനിയ വേഡിന് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയാണ് എമ്മ.  2004 മരിയ ഷറപ്പോവയ്ക്ക് ശേഷം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത കൂടിയാണ് എമ്മ. ആദ്യമായി ക്വാളിഫൈ ചെയ്തപ്പെട്ടപ്പോൾ തന്നെ കിരീടത്തിലേക്ക് എത്തിയ ആദ്യ വ്യക്തി കൂടിയാണ് എമ്മ. ലോകറാങ്കിങ്ങിൽ നൂറ്റിയൻമ്പതാം സ്ഥാനത്താണ് നിലവിൽ എമ്മ.

കളിക്കിടയിൽ വച്ച് മുട്ടിന് ചെറിയ പരിക്ക് ഉണ്ടായി എമ്മ ഡോക്ടർമാരുടെ സഹായം തേടിയിരുന്നു. അതിനുശേഷം വീണ്ടും വന്നു മത്സരം തുടർന്ന എമ്മ തന്റെ വിജയത്തിലേക്ക് നടന്നടുക്കുകയായിരുന്നു. തന്നെ ഇത്രയധികം പ്രോത്സാഹിപ്പിച്ച ന്യൂയോർക്കിലെ കാണികളോട് എമ്മ നന്ദി പറഞ്ഞു. എമ്മയുടെ വിജയം ബ്രിട്ടന്റെ അഭിമാനനിമിഷം ആണെന്ന് നിരവധിപ്പേർ പ്രശംസിച്ചു. തന്റെ മാതാപിതാക്കളുടെ പ്രചോദനം എമ്മ മത്സരത്തിനുശേഷം നന്ദിയോടെ ഓർത്തു.