സിറോ മലബാർ സഭ ഭൂമിയിടപാടിൽ കർദിനാൾ അടക്കമുള്ളവരുടെ കൂട്ടുത്തരവാദിത്വത്തിൽ വീഴ്ച സംഭവിച്ചെന്ന് സിനഡ്. എന്നാൽ കർദിനാൾ അടക്കമുള്ളവർ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല. റിയൽ എസ്റ്റേറ്റ്‌കാരൻ സമ്പത്തിക നേട്ടം ലക്ഷ്യമിട്ടു പ്രവർത്തിച്ചത് കണ്ടെത്താൻ അതിരൂപത ഭരണാധികാരികൾക്ക് കഴിഞ്ഞില്ല. ഇക്കാര്യത്തിൽ വിമർശനങ്ങൾ ഉന്നയിച്ചവരുടെ വികാരം സിനഡ് മനസിലാക്കുന്നു. വ്യാജരേഖാ കേസിൽ സിനഡിന്റെ നിർദേശപ്രകാരം വൈദികൻ നൽകിയ മൊഴിക്ക് വിരുദ്ധമായാണ് ബിഷപ്പിനെയും വൈദികരെയും പ്രതിചേർത്തത്. മൊഴിക്ക് വിരുദ്ധമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതിൽ ബാഹ്യമായ ഇടപെടൽ ഉണ്ടായെന്നു സംശയിക്കുന്നതായും സിനഡ് വിലയിരുത്തി.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല മാർ ആന്റണി കരിയലിന്. അതിരൂപതയുടെ മെത്രാപ്പൊലീത്തൻ വികാരിയായാണ് നിയമനം. മാറ്റി നിർത്തിയിരുന്ന സഹായ മെത്രാൻമാരിൽ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മാണ്ഡ്യ രൂപതാധ്യക്ഷനായും ജോസ് പുത്തൻവീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായും നിയമിച്ചു. അതേസമയം കർദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസ് പിൻവലിക്കേണ്ടതില്ലായെന്നാണ് സിനഡിന്റെ തീരുമാനം.

എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന വിവാദത്തെ തുടർന്ന് അതിസങ്കീർണമായിത്തീർന്ന സിറോ മലബാർ സഭയിലെ പ്രശ്നങ്ങൾക്ക് പരിഹരിക്കാനാണ് ഭരണച്ചുമതലാ മാറ്റം. നിലവിൽ മാണ്ഡ്യ രൂപതാധ്യക്ഷനായ മാർ ആന്റണി കരിയിലിനെ സ്വതന്ത്രാധികാരങ്ങളുള്ള മെത്രാപ്പൊലീത്തൻ വികാരിയായാണ് നിയമിച്ചിരിക്കുന്നത്. സാമ്പത്തികം, അതിരൂപതയിലെ സ്ഥാനമാറ്റങ്ങൾ അടക്കമുള്ള കാര്യങ്ങളുടെ ചുമതല പുതിയ മെത്രാപ്പൊലീത്തൻ വികാരിക്കാണ്.

പ്രശ്നങ്ങളെ തുടർന്ന് മാറ്റിനിർത്തപ്പെട്ട സഹായമെത്രാൻമാർക്ക് കേരളത്തിന് പുറത്ത് പുതിയ ചുമതല നൽകി. ഒഴിവുവന്ന മാണ്ഡ്യരൂപതാധ്യക്ഷനായി സെബാസ്റ്റ്യൻ എടയന്ത്രത്തിനെ നിയമിച്ചു. ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായാണ് ജോസ് പുത്തൻവീട്ടിലിനെ നിയമിച്ചിരിക്കുന്നത്. അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പുതിയ മെത്രാപ്പൊലീത്തൻ വികാരിയെ സിനഡ് ചുമതലപ്പെടുത്തി.