ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടുന്ന ഒരു സംഘം ഗവേഷകര്‍ നടത്തിയ കൊറോണാവൈറസിനെ കുറിച്ചു നടത്തിയ കണ്ടെത്തല്‍ പുത്തന്‍ പ്രതീക്ഷ നൽകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വൈറസ് അതിന്റെ ജനിതക ശ്രേണി (genetic sequence) ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തന്മാത്രയുടെ ഘടന തിരിച്ചറിഞ്ഞതാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിന് ആവേശം പകരുന്നത്. ആതിഥേയന്റേതെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ പറ്റിക്കൂടാന്‍ ഇത് വൈറസിനെ സഹായിക്കുന്നു. ഇത് കേന്ദ്രീകരച്ച് കോവിഡ് ബാധയ്‌ക്കെതിരെ ആന്റിവൈറല്‍ മരുന്നുകള്‍ നിർമിച്ചെടുക്കാന്‍ സാധിച്ചേക്കുമെന്നാണ് ചില ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. സുപ്രസിദ്ധ ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചര്‍ കമ്യൂണിക്കേഷന്‍സില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് എന്‍എസ്പി10 (nsp10) എന്നു പറയുന്ന മോളിക്യൂളാണ് വൈറല്‍ എംആര്‍എന്‍എകളുടെ (mRNAs) ഘടന മാറ്റി, ആതിഥേയ കോശത്തിന്റെ സ്വന്തം എംഅര്‍എന്‍എ ആണെന്നു തെറ്റിധരിപ്പിക്കത്തക്ക രൂപമെടുക്കാന്‍ വൈറസിനെ അനുവദിക്കുന്നത്. എംആര്‍എന്‍എകളാണ് പ്രോട്ടീനുകള്‍ ഉണ്ടാക്കാനുള്ള രൂപരേഖ.

സാന്‍ അന്റോണിയോയിലെ, ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത് സയന്‍സ് സെന്ററിലെ ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍. അവര്‍ പറയുന്നത് ഈ മാറ്റംവരുത്തല്‍ വഴി, എന്‍എസ്പി10 ആതിഥേയ കോശം അതിന്റെ പ്രതിരോധ പ്രതികരണം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. അതൊരു പ്രച്ഛന്നവേഷം കെട്ടലാണ്. സ്വയം മാറ്റംവരുത്തല്‍ നടത്തിയാണ് ആതിഥേയ കോശത്തെ തെറ്റിധരിപ്പിക്കുന്നത്. കോശത്തിനെ അതിന്റെ സ്വന്തം കോഡിലുള്ള എന്തൊ ആണ് എന്നു തെറ്റിധരിപ്പിക്കാന്‍ സാധിക്കുന്നതിലൂടെയാണ് വൈറസിനെതിരെയുള്ള പ്രതികരണം ആതിഥേയന്റെ ശരീരത്തില്‍ ഉണ്ടാകാത്തതെന്ന് പഠനത്തിന്റെ സഹ രചയിതാവായ യോഗേഷ് ഗുപ്ത പറയുന്നു.

എന്‍എസ്പി16ന്റെ 3ഡി രൂപം അനാവരണം ചെയ്യുക വഴി നോവല്‍ കൊറോണാവൈറസ് സാര്‍സ്-കോവ്-2നെതിരെ പുതിയ മരുന്നു കണ്ടെത്താനുള്ള സാധ്യതയാണ് തെളിയുന്നത്. പുതിയ മരുന്നുകള്‍ ഉപയോഗിച്ച് എന്‍എസ്പി16 ജനിതക മാറ്റം വരുത്തുന്നത് ഇല്ലാതാക്കാന്‍ സാധിച്ചാല്‍, ആതിഥേയന്റെ കോശത്തിന്റെ പ്രതിരോധ സിസ്റ്റത്തിന് കടന്നുകയറ്റക്കാരനായ വൈറസിനുമേല്‍ പ്രതിരോധം തീർക്കാനാകുമെന്ന് ഗുപ്ത പറഞ്ഞു. യോഗേഷിന്റെ പഠനം, കോവിഡ്-19 വൈറസിന്റെ പ്രധാനപ്പെട്ട ഒരു എന്‍സീമിന്റെ 3ഡി ഘടനയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് വൈറസിന്റെ അടിസ്ഥാന ഘടനയിലേക്ക് വെളിച്ചം വീശുന്നുവെന്നും പഠനത്തിന്റെ സഹ രചയിതാക്കളലൊരാളായ റോബട്ട് ഹ്രോമസ് പറയുന്നു.