യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് സാക്ഷികൾ . നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നതുപോലെയാണ് അക്രമിസംഘം ശുഹൈബിനെ വെട്ടിയത്. ഇന്റർനെറ്റ് കോളിലൂടെ ശുഹൈബിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും വെട്ടേറ്റ് ചികിൽസയിൽ കഴിയുന്ന ശുഹൈബിന്റെ സുഹൃത്ത് ഇ.നൗഷാദ് പറഞ്ഞു.
ശുഹൈബും സുഹൃത്തുക്കളും തട്ടുകടയിൽനിന്ന് ചായ കുടിക്കുമ്പോഴാണ് ഫോർ റജിസ്ട്രേഷൻ കാറിലെത്തിയ സംഘം ആക്രമിച്ചത്. ബോംബെറിഞ്ഞശേഷം വാളുകൊണ്ട് ശുഹൈബിന്റെ കാലിൽ വെട്ടി. നിലത്തു വീണ ശുഹൈബിനെ രണ്ടുപേർ ചേർന്ന് നിരവധിതവണ വെട്ടി.
വെട്ടിവീഴ്ത്തിയശേഷം ഒരാൾ ഇരുന്ന് വെട്ടി രണ്ടാമൻ കുനിഞ്ഞ് നിന്ന് വെട്ടി, തടഞ്ഞപ്പോൾ കൈയ്ക്ക് വെട്ടി, ബെഞ്ച് കൊണ്ട് തടഞ്ഞതുകൊണ്ട് അരയ്ക്ക് മുകളിലേക്ക് വെട്ടിയില്ല.
കൊല്ലണമെന്ന ഉദ്യേശത്തോടെയായിരുന്നു ആക്രമണം. ഓടിയെത്തിയ നാട്ടുകാരുടെ നേരെയും ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മട്ടന്നൂർ ഭാഗത്തേക്ക് കടന്നുകളഞ്ഞത്.
അതേസമയം ഷുഹൈബ് വധക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഇന്നവസാനിപ്പിക്കും. എന്നാല്‍ ഇതേയാവശ്യമുന്നയിച്ച് രാവിലെ 10 മണിക്ക് യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരം ആരംഭിക്കും. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം കൊലപാതകത്തില്‍ നാല് പേര്‍ കസ്റ്റഡിയിലായെന്നാണ് സൂചന. എന്നാല്‍ വിവരങ്ങളൊന്നും പുറത്തുപറയാറായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.











Leave a Reply