ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വ്യാജ വാർത്തകൾ പ്രചരിക്കുന്നത് യുകെയിലെ സൗത്ത് ഏഷ്യൻ കമ്യൂണിറ്റി ജനങ്ങളെ വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതായി ഡോക്ടർമാരുടെ മുന്നറിയിപ്പ്. നിരവധി വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ജനങ്ങളെ പരിഭ്രാന്തരാക്കുകയും, വാക്സിൻ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നതായി എൻഎച്ച്എസ് ആന്റി – ഡിസ്ഇൻഫർമേഷൻ ഡ്രൈവ് മേൽനോട്ടം വഹിക്കുന്ന ഡോക്ടർ ഹർപ്രീത് സൂദ് മാധ്യമങ്ങളോട് പറഞ്ഞു. ഭാഷാപരവും, സംസ്കാരികപരവുമായ വ്യത്യാസങ്ങളാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നതിന് സഹായിക്കുന്നത്.


സൗത്ത് ഏഷ്യൻ കമ്മ്യൂണിറ്റിയിലെ നേതാക്കളോടും,കമ്മ്യൂണിറ്റി ലീഡർമാരോടും മറ്റും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം എന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനിൽ മാംസവും മറ്റും ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇത് മത വിശ്വാസങ്ങൾക്കും മറ്റും എതിരാണെന്ന പ്രചരണങ്ങൾ ആണ് ജനങ്ങൾക്കിടയിൽ ഉള്ളത്. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.

വാക്സിനിൽ പന്നിയുടെ മാംസം ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇത് മുസ്ലിം വിശ്വാസങ്ങൾക്ക് എതിരാണെന്നും ഉള്ള പ്രചാരണം നിരവധി മുസ്ലീം സമുദായങ്ങളെ വാക്സിൻ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. എന്നാൽ മുസ്ലീം മത നേതാക്കന്മാർ ഈ പ്രചരണങ്ങൾ തെറ്റാണെന്നും ജനങ്ങളെല്ലാവരും വാക്സിനോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.