സ്വന്തം ലേഖകന്‍

യുകെ : ബെല്‍ഫാസ്റ്റ് മലയാളിയായ ജീവന്‍ തോമസ് ചെറുമാനത്ത് കാന്‍സര്‍ ബാധിച്ചു മരിച്ചു. കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ജീവന് 48  വയസ് മാത്രമായിരുന്നു പ്രായം. മലയാളികള്‍ക്കിടയില്‍ വളരെ സജീവമായിരുന്ന ജീവന്‍ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലിരിക്കെയാണ് മരണം കീഴടക്കിയത്. ബെല്‍ഫാസ്റ്റ് റോയല്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന ജീവന്‍ ഇന്ന് വെളുപ്പിനെ 3.30നാണ് മരിച്ചത്.

നഴ്‌സിംഗ് ഹോമില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജീവന് ജനുവരിയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഡിസംബറിലാണ് ജീവന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതുകൊണ്ട് പരിശോധന നടത്തിയത്. കോവിഡിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ രോഗ സ്ഥിരീകരണത്തിന് കാലതാമസം ഉണ്ടായി. കരളിലാണ് കാന്‍സര്‍ ബാധിച്ചത്.

നാട്ടില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോനാ ഇടവക ചെറുമണത്ത് ലീലാമ്മയുടെയും പരേതനായ തോമസിന്റെയും മകനാണ്. ഭാര്യ ജോസിയും നഴ്‌സാണ്. കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ചര്‍ച് ഇടവക കുഴ്യന്‍പറമ്പില്‍ കുടുംബാംഗമാണ് ജോസി. മൂന്നു മക്കളുണ്ട്. മൂത്തമകന്‍ ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി തോമസ് കുട്ടി, സ്‌കൂള്‍ വിദ്യാര്‍ഥിനികളായ അഞ്ചല ജീവന്‍, ആന്‍ മരിയ.

ജീവന്റെ ഒരു സഹോദരി ജൂലി അയര്‍ലണ്ടില്‍ നിന്നും ബെല്‍ഫാസ്റ്റില്‍ വന്നെത്തിയിട്ടുണ്ട്. ജസ്റ്റിന്‍, ജൂസി എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. ജീവന്റെ ഭാര്യ സഹോദരി ജോഷിയും ഭര്‍ത്താവ് സാജനും ഇവര്‍ താമസിയ്ക്കുന്ന മൊയിറയില്‍ തന്നെയാണ് താമസം.

യുകെയിലേക്ക് വരുന്നതിനു മുമ്പ് ജീവന്‍ ഡല്‍ഹി തീഹാര്‍ സെന്‍ട്രല്‍ ജയിലില്‍ സ്റ്റാഫ് നഴ്‌സായാണ് സേവനമനുഷ്ടിച്ചിരുന്നത്. നാട്ടില്‍ വീടു പണി അടുത്തിടെയാണ് പൂര്‍ത്തീകരിച്ചത്. താമസത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവേയാണ് ജീവന് കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. സംസ്‌കാരം ബെല്‍ഫാസ്റ്റില്‍ വെച്ച് തന്നെയായിരിക്കും നടത്തുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

അകാലത്തിൽ വിടപറഞ്ഞ പ്രിയ കൂട്ടുകാരന് എൻ‌ഡി‌ആർ‌കെ നഴ്സിംഗ് കോളേജിലെ സുഹൃത്തുക്കൾ ആദരാഞ്ജലികൾ  അർപ്പിച്ചു.

ജീവന്റെ നിര്യാണത്തില്‍ മലയാളം യുകെ ടീമിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.