തിരുവനന്തപുരം കരമന കുളത്തറയിലെ ഒരു കുടുംബത്തിലെ ആരോഗ്യത്തോടെ ജീവിച്ച ഏഴുപേരാണ് പല ഘട്ടങ്ങളായി മരിച്ചുകിടന്നത്. 15 വര്‍ഷത്തിനിടെയാണ് ഓരോ മരണങ്ങള്‍ നടന്നത്. കൂടത്തില്‍ വീട്ടില്‍ ഗോപിനാഥന്‍ പിള്ളയും കുടുംബാംഗങ്ങളും മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെതുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

കരമന കുളത്തറയിലെ വീട്ടിലെ ഏഴു പേര്‍ മരിച്ച സംഭവത്തില്‍ പരാതിക്കാരി പറയുന്നതിങ്ങനെ..രണ്ട് മരണത്തിലാണ് സംശയമെന്ന് പരാതിക്കാരി പ്രസന്നകുമാരി പറയുന്നു. ജയപ്രകാശിന്റെയും ജയമാധവന്റെയും മരണങ്ങളിലാണ് സംശയം. ഇവര്‍ മാനസിക രോഗികളാമെന്ന് തെളിയിക്കുന്ന രേഖകള്‍ കത്തിച്ചു.

വില്‍പത്രത്തിന് നിയമസാധുത കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് സംശയം. കൂടത്തില്‍ വീട്ടിലെ കാര്യസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പ്രസന്നകുമാരി വ്യക്തമാക്കി.

ഗോപിനാഥന്റെ മകളാണ് ആദ്യം മരിച്ചത്. പിന്നാലെ ഗോപിനാഥന്‍, ഭാര്യ, രണ്ട് ആണ്‍മക്കള്‍ എന്നിങ്ങനെ മരിച്ചു. പിന്നീട് അവകാശിയായിരുന്ന ഗോപിനാഥന്റെ സഹോദരി പുത്രന്‍ ജെ. മാധവന്‍ 2017ല്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ മരണപ്പെട്ടു. ജെ. മാധവന്റെ മൃതദേഹം മാത്രമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു മരിച്ചവര്‍ക്ക്. ഇവരുടെ മരണശേഷം കുടുംബവുമായി ബന്ധമില്ലാത്ത രണ്ടു പേരിലേക്ക് സ്വത്ത് എത്തിയെന്നാണ് പ്രധാന ആരോപണം. കുടുംബത്തിലെ കാര്യസ്ഥന്‍ വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്തു തട്ടിയെടുത്തെന്നും പറയുന്നു. സ്വത്ത് കിട്ടിയവരിലൊരാള്‍ അവിടുത്തെ വീട്ടുജോലിക്കാരിയുടെ മകനാണ്.

കരമനയിലും നഗരത്തിന്റെ പലഭാഗങ്ങളിലുമായി കൂടത്തില്‍ കുടുംബത്തിന് സ്വത്തുക്കളുണ്ട്. കാലടിയില്‍ 6.17 ഏക്കര്‍ സ്ഥലം അടക്കം ഏകദേശം 200 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. 2003നുശേഷമാണ് മരണങ്ങള്‍ നടന്നത്. കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥന്‍ ബന്ധുക്കളെപ്പോലും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.