അമേരിക്കയിലേക്ക്  കടക്കാൻ ശ്രമിക്കവേ കാനഡയിൽ മരിച്ച ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവുമാണ് കൊടുംതണുപ്പിൽ മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് മഞ്ഞില്‍ തണുത്ത് മരിച്ച നാലുപേരെ കാനഡ അതിര്‍ത്തിക്കുള്ളില്‍ മാനിട്ടോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് കണ്ടെടുത്തത്.

മൈനസ് 35 ഡിഗ്രി താപനിലയുള്ളിടത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡയില്‍ നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മണിക്കൂറുകളോളം കൊടും തണുപ്പില്‍ കുടുങ്ങിയതാണ് മരണകാരണം. ആദ്യം മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലില്‍ കൗമാരക്കാരന്‍റെ മൃതദേഹം കണ്ടെത്തി.

ഇവരെ അനധികൃതമായി കടത്താന്‍ ശ്രമിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റീവ് ഷാന്‍ഡ് എന്ന യുഎസ് പൗരനെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴുപേരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സംഘം 11 മണിക്കൂര്‍ നടന്നാണ് അതിര്‍ത്തി കടന്ന് യുഎസിലെത്തിയത്.

മരിച്ച കുടുംബത്തിന്റെ ബാഗ് ഇവരിലൊരാളുടെ കൈയിലായിരുന്നു. മരിച്ച കുടുംബവും ഇവര്‍ക്കൊപ്പമാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ രാത്രിയില്‍ ഇവര്‍ വഴിമാറി. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാനുള്ള ശ്രമത്തിനിടെ ഓരോ വർഷവും നിരവധി പേരാണ് മരിക്കുന്നത്. വാഗ്ദാനങ്ങൾ നൽകി ആളുകളെ വലയിലാക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളും സജീവമാണ്.