വലതുപക്ഷ തീവ്രവാദം ബ്രിട്ടന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതായി മുന്നറിയിപ്പ്. കൗണ്ടര്‍ ടെററിസ്റ്റ് പോലീസ് തലവനാണ് രാജ്യത്തിന് ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാല് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷം തടഞ്ഞതായി അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ക്ക് റൗലി പറഞ്ഞു. അടുത്ത മാസം മെറ്റ് പോലീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് മാര്‍ക്ക്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ ഏകദേശം 10ലേറെ ഇസ്ലാമിക തീവ്രവാദ ഗ്രുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ പരാജയാപ്പെടുത്താന്‍ സുരക്ഷാ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മാര്‍ക്ക് പറഞ്ഞു. പോളിസ് എക്‌സ്‌ചേജില്‍ നടത്തിയ പ്രസംഗത്തിലാണ് മാര്‍ക്ക് റൗലിയുടെ പ്രസ്താവന. ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാന രീതിയിലാണ് വലതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ അസഹിഷുണത വളര്‍ത്തിയെടുക്കുകയും സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ ക്ലേശമനുഭവിക്കുന്നവരെ മുതലെടുക്കുകയും സര്‍ക്കാര്‍ അനുബന്ധ സംഘടനകളില്‍ അവിശ്വാസ രാഷ്ട്രീയം വളര്‍ത്തുകയും ചെയ്യുന്നതാണ് ഇത്തരം ഗ്രൂപ്പുകളുടെ രീതിയെന്നും മാര്‍ക്ക് പറുന്നു.

കഴിഞ്ഞ വര്‍ഷം ഏകദേശം നാലോളം തീവ്ര-വലതുപക്ഷ ഭീകാരക്രമണ ശ്രമങ്ങള്‍ സുരക്ഷ സൈന്യം പരാജയപ്പെടുത്തിയിട്ടുണ്ട്. തീവ്ര-വലതുപക്ഷ ഭീകരന്‍ ഏഥന്‍ സ്റ്റാബിള്‍സ് ആസൂത്രണം ചെയ്ത ആക്രമണ ശ്രമം പരാജയപ്പെട്ടിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ കോടാലിയും വടിവാളും ഉപയോഗിച്ച് ഗേ പ്രൈഡ് പരിപാടിയില്‍ ആക്രണം നടത്താന്‍ ഏഥന്‍ പദ്ധതി ആവിശ്കരിച്ചിരുന്നു. ബാരോ എന്നു പേരായ പബില്‍ നടക്കാനിരുന്ന പരിപാടിയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ നമ്മുടെ സമൂഹത്തിലേക്ക് കടന്നു കയറ്റം നടത്തുന്നത് കൃത്യമായി ആശയപ്രചരണങ്ങളിലൂടെയാണ്. വിധ്വംസക തന്ത്രങ്ങള്‍ പ്രയോഗിക്കുന്ന ഇത്തരം തീവ്രവാദ ഗ്രൂപ്പുകള്‍ ആളുകളെ പ്രലോഭനത്തില്‍ വീഴ്ത്തിയും ചൂഷണം ചെയ്തുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയൊക്കെ തന്നെ ഭീകാരക്രമണങ്ങളിലേക്ക് വഴിതെളിയിക്കാന്‍ സാധ്യതയുള്ള പ്രവര്‍ത്തനങ്ങളാണെന്ന് റൗലി പറയുന്നു.

ഇസ്ലാമിക തീവ്രവാദ സ്വഭാവമുള്ള ഏതാണ്ട് 10 ഓളം ഗൂഢാലോചനകള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണത്തിന് ശേഷം തടയാന്‍ സാധിച്ചിട്ടുണ്ട്. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് യുകെയില്‍ നാല് തീവ്ര-വലതുപക്ഷ ഗ്രൂപ്പുകളുടെ ആക്രമണ ശ്രമം സുരക്ഷ സൈന്യം പരാജയപ്പെടുത്തിയിരിക്കുന്നത്. ആക്രമണ ശ്രമങ്ങള്‍ നടന്ന വിവരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കേണ്ടതുണ്ട് വലുപക്ഷ തീവ്രവാദ സംഘടനകള്‍ സമൂഹത്തില്‍ നിലയൊറപ്പിക്കുന്നുവെന്നു മനസ്സിലാക്കാന്‍ ഇത് ഉപകാരപ്രദമാകുമെന്നും റൗലി വ്യക്തമാക്കി. ഇതാദ്യമായാണ് നമ്മുടെ രാജ്യത്ത് തന്നെ വലതുപക്ഷ തീവ്രവാദ ഗ്രൂപ്പുകള്‍ വളര്‍ന്നു വരുന്നത്. ഇത്തരം പുതിയ നിയോ-നാസി തീവ്രവാദ ഗ്രൂപ്പുകള്‍ അന്തര്‍ദേശീയ ബന്ധങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നവരും രാജ്യത്ത് ഭീകാരാക്രമണങ്ങള്‍ നടത്താന്‍ പ്ലാന്‍ ചെയ്യുന്നവരുമാണെന്ന് റൗലി കൂട്ടിച്ചേര്‍ത്തു. സുരക്ഷ സൈന്യത്തിലെ എം15 നാണ് നിലവില്‍ വലുതപക്ഷ തീവ്രവാദ ആക്രമണങ്ങളെക്കുറിച്ചും സംഘടനകളെക്കുറിച്ചും അന്വേഷണം നടത്തുന്നത്.