പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയായ സംഭവത്തില്‍ അറസ്റ്റിലായ ഫാ. റോബിന്‍ വടക്കുംചേരി കൂടുതല്‍ പെണ്‍കുട്ടികളെ ലൈംഗികചൂഷണം നടത്തിയിരുന്നോയെന്ന് പോലീസിന് സംശയം. വിശദമായ ചോദ്യംചെയ്യലിനു വേണ്ടി ഫാ. റോബിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് രണ്ടു ദിവസത്തിനുള്ളില്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. കൊട്ടിയൂര്‍ മേഖലയില്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള ഇരുപതോളം പെണ്‍കുട്ടികളെ ഫാ. റോബിന്‍ വിദേശത്തുപോകാന്‍ സഹായിച്ചിരുന്നു.
ഫാ.റോബിന്റെ സഹായത്താല്‍ വിദേശത്ത പോയവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന അന്വേഷണവും നടക്കും. പെണ്‍കുട്ടി ഗര്‍ഭിണിയായതും അമ്മയായതും മറച്ചുവയ്ക്കാന്‍ ഫാ. റോബിനെ സഹായിച്ചവരെപ്പറ്റിയും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇപ്പോള്‍ അമ്മയായ പെണ്‍കുട്ടിയെ പള്ളിയില്‍വച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിച്ചു. ഗര്‍ഭം ധരിച്ചെന്നറിഞ്ഞതോടെ മാതാപിതാക്കളെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു.

വികാരിയെക്കൂടാതെ ഇടവകയിലെ പല പ്രമുഖരും ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. പെണ്‍കുട്ടിയുടെ അച്ഛന് 10 ലക്ഷം രൂപ നല്‍കി മകളുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ പിതൃത്വം ഫാ. റോബിന്‍ ഏറ്റെടുക്കണമെന്ന ഉറച്ച നിലപാടില്‍ നിന്ന പെണ്‍കുട്ടി പറഞ്ഞ് വിവരമറിഞ്ഞ സഹപാഠികളാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ കാര്യമറിയിച്ചതെന്നാണു സൂചന. ഫാ. റോബിന്‍ കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി വികാരിയായിരിക്കെയായിരുന്നു സംഭവം.കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലാണ് പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കിയത്. ആശുപത്രിയില്‍ പണമടച്ചത് ഫാ. റോബിനായിരുന്നെന്ന് പോലീസിനു വിവരം ലഭിച്ചു. പെണ്‍കുട്ടി പ്രസവിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന പള്ളിജീവനക്കാരിയാണ് കുഞ്ഞിനെ വയനാട്ടില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേക്കു മാറ്റിയതെന്നും സൂചന ലഭിച്ചു. പീഡനവിവരം പുറത്തായതോടെ ഫാ. റോബിനെ സഹായിക്കാന്‍ ഇടവകയിലെ ചില പ്രമുഖര്‍ ശ്രമിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.കേസില്‍ വൈദികനെ തലശേരി സെഷന്‍സ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മാനഭംഗക്കുറ്റവും ബാല ലൈംഗികപീഡന നിരോധന നിയമവും (പോക്‌സോ) ചുമത്തിയാണു കേസ് എടുത്തത്.