ഐ.എസ് ഭീകരര്‍ തടവിലാക്കിയിരുന്ന ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് വഴിതെളിച്ചത് ഒമാന്‍  വഴി വത്തിക്കാന്‍ നടത്തിയ ഇടപെടല്‍.  ഇന്ന് പുലര്‍ച്ചെ ഒമാനിലെത്തിച്ച ഫാദര്‍ ടോമിനെ പ്രത്യേക വിമാനത്തില്‍ യൂറോപ്പിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.  ഐ.എസ് ഭീകരരുടെ ശക്തി കേന്ദ്രമായ യമനിലെ മുഖാലയില്‍ നിന്ന് ഇന്ന് രാവിലെയാണ് ഒമാന്‍ ഭരണകൂടം ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ച് മസ്ക്കറ്റില്‍ എത്തിച്ചത്.

ഒമാന്‍ വഴി വത്തിക്കാന്‍ നടത്തിയ ഇടപെടലാണ് 19 മാസത്തിന് ശേഷം മോചനത്തിന് വഴി വെച്ചത്. തീര്‍ത്തും അവശനായ ഫാദര്‍ വിമാനമിറങ്ങിയ ഉടന്‍, ദൈവത്തിനും തന്റെ മോചനത്തിന് കാരണക്കാരനായ ഒമാന്‍ ഭരണാധികാരിക്കും രണ്ടുവാക്കില്‍ നന്ദി രേഖപ്പെടുത്തി. പിന്നീട് വിദഗ്ദ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കി.

എന്നാല്‍ ഫാദര്‍ ടോം ഒഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ഒമാനിലെ ഇന്ത്യന്‍ എംബസിക്ക് ലഭ്യമായിരുന്നില്ല. ഒമാന്റെ ഔദ്ദ്യോഗിക വാര്‍ത്താഏജന്‍സിയും അറബ് പത്രങ്ങളും ചിത്രം സഹിതം വാര്‍ത്ത പുറത്തുവിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മോചന വാര്‍ത്തസ്ഥിരീകരിച്ചത്. പിന്നീട് ഫാദറിനെ പ്രത്യേക വിമാനത്തില്‍ ഒമാനില്‍ നിന്ന് മാറ്റി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് കൊണ്ടുപോയതെന്നാണ് സൂചന. ഒരു കോടി ഡോളര്‍ മോചനദ്രവ്യം നല്‍കിയാണ് ഫാദറിനെ മോചിപ്പിച്ചതെന്നാണ് വിവരം