പ്രസവിച്ച കുഞ്ഞിനേക്കാൾ സ്വന്തം ജീവന് വിലകൊടുക്കുന്ന നിന്നെ പോലുള്ള ജീവികളോ…!അമ്മേ ഞാൻ അച്ഛന്റെ മടിയിൽ സുഖമായി ഉറങ്ങുന്നു, എങ്കിലും കുഞ്ഞുവാവയെ ഓർത്തു എന്റെ ദുഃഖം; രോഷം, കണ്ണുനനയിക്കും ഈ കുറിപ്പ്

പ്രസവിച്ച കുഞ്ഞിനേക്കാൾ സ്വന്തം ജീവന് വിലകൊടുക്കുന്ന നിന്നെ പോലുള്ള ജീവികളോ…!അമ്മേ ഞാൻ അച്ഛന്റെ മടിയിൽ സുഖമായി ഉറങ്ങുന്നു, എങ്കിലും കുഞ്ഞുവാവയെ ഓർത്തു എന്റെ ദുഃഖം; രോഷം, കണ്ണുനനയിക്കും ഈ കുറിപ്പ്
April 08 03:57 2019 Print This Article

‘ഇനി ജീവഭയം കൊണ്ട് അയാളെ അനുസരിച്ചതാണെന്ന് പറഞ്ഞാൽ പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാൾ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയിൽ…’ മലയാളിയെ നോവിച്ച ആ തീരാവേദനയോട് അവതാരികയായ അശ്വതിയുടെ ചോദ്യമാണിത്. തൊടുപുഴയിൽ കൊല്ലപ്പെട്ട ഏഴുവയസുകാരനെ കുറിച്ചും സ്വന്തം അമ്മ തന്നെ ആ അരുകൊലയ്ക്ക് കൂട്ടുനിന്ന സംഭവത്തെയും വിമർശിച്ചാണ് അശ്വതിയുടെ കുറിപ്പ്. ഇതിനൊപ്പം അമ്മ എന്ന വികാരവും അവർ പങ്കുവയ്ക്കുന്നു.
‘അവന്റെ അമ്മയെ പലരും ന്യായീകരിച്ചു കണ്ടു. മനഃശാസ്ത്രജ്ഞർ ഉൾപ്പെടെ. വൈധവ്യം അംഗീകരിക്കാനുള്ള മനസ്സിന്റെ വിമുഖത കൊണ്ട് ഇറങ്ങി പോയതാവും എന്ന്. സ്വന്തം കുഞ്ഞിനെ ഒരുത്തൻ കാലിൽ തൂക്കി തറയിലടിക്കുമ്പോൾ പ്രതികരിക്കാനാവാത്ത വണ്ണം അവൾ മരവിച്ചു പോയതാകാം എന്ന്.

ഭർത്താവ് മരിച്ച് മൂന്നാം ദിവസം അരുണിനൊപ്പം പോകണമെന്ന് ബന്ധുക്കളോട് പറഞ്ഞതാണവൾ. ഒന്നാലോചിച്ചാൽ ശരിയാണ്. സ്വബോധമുള്ള ഒരു സ്ത്രീയും പറയാത്ത കാര്യമാണ്. കുഞ്ഞിനെ ഉപദ്രവിച്ചപ്പോൾ മരവിച്ചു പോയെങ്കിലും ആശുപത്രിയിൽ എത്തിയപ്പോൾ അപകടമാണെന്ന് പറയാൻ കാണിച്ച ജാഗ്രതയോർക്കുമ്പോഴാണ് വീണ്ടും അതിശയം.’ അശ്വതി കുറിച്ചു

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കുഞ്ഞിനെ മുറിയിൽ ഉറക്കി കിടത്തി ഡൈനിങ്ങ് ടേബിളിൽ വന്നു ഭക്ഷണം കഴിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ടോ? ഏതു നിമിഷവും ഓടിയെത്താൻ തയ്യാറായി പാതി ദേഹം മാത്രം കസേരയിൽ തൊട്ടാവും ഇരിപ്പ്‌ പോലും.
ഓരോ കുഞ്ഞനക്കങ്ങളും അവളെ ഞെട്ടിക്കും. കണ്ണും കാതും മനസ്സും കുഞ്ഞിന്റെ ചുറ്റും വിട്ട് വെറുമൊരു ദേഹവുമായാണ് കുഞ്ഞുറങ്ങുന്ന മുറിയിൽ നിന്നും ഓരോ അമ്മയും പുറത്തിറങ്ങാറ്. അങ്ങനെയൊരമ്മ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വീട്ടിൽ അടച്ച് രാത്രി ഭക്ഷണത്തിന് പുറത്തു പോകുന്നുവെന്ന് കേൾക്കുമ്പോൾ, നാലു വയസ്സുകാരനെ ഒറ്റയ്ക്കു വീട്ടിലടച്ച് ആശുപത്രിയിലേക്ക് പോയെന്ന് കേൾക്കുമ്പോൾ ഉള്ളിലൊരു വിറ പടരുന്നു.

കണ്ണ് നനയ്ക്കുന്ന വാർത്തകളിൽ നിന്ന് എപ്പോഴും ഒഴിഞ്ഞു മാറാറാണ് പതിവ്. എന്തിന് ! അത്തരം സിനിമകളിൽ നിന്നു പോലും.
പക്ഷേ തൊടുപുഴയിൽ കൊല്ലപ്പെട്ട കുഞ്ഞ് എന്റെ ഉറക്കത്തിന് നിരന്തരം വിലപറയുന്നു. വെറുമൊരോർമ്മയിൽ പോലും കണ്ണുകൾ കവിഞ്ഞൊഴുകുന്നു. എന്തെന്നില്ലാത്ത ഒരു പകപ്പോടെ എന്റെ അഞ്ചു വയസ്സുകാരിയെ കൂടുതൽ ചേർത്ത് പിടിക്കുന്നു.

എന്റെ നാട്ടിലാണത് സംഭവിച്ചത്. എന്റെ വീട്ടിൽ നിന്ന് ഏറിയാൽ പത്തു കിലോമീറ്റർ അകലത്തിൽ. എന്നിട്ടും അവന്റെ അമ്മ, എന്റെ അമ്മയുടെ സുഹൃത്തിന്റെ മകൾ ആണ് എന്ന് ഇന്നലെ മാത്രമാണ് തിരിച്ചറിഞ്ഞത്…എന്തൊക്കെ ചെയ്തിട്ടും കണ്ണും കാതും കൊട്ടിയടച്ചിട്ടും വല്ലാത്തൊരു മരവിപ്പാണ്.
അവന്റെ അമ്മയെ പലരും ന്യായീകരിച്ചു കണ്ടു…മനഃശാസ്ത്രജ്ഞർ ഉൾപ്പെടെ. വൈധവ്യം അംഗീകരിക്കാനുള്ള മനസ്സിന്റെ വിമുഖത കൊണ്ട് ഇറങ്ങി പോയതാവും എന്ന്… സ്വന്തം കുഞ്ഞിനെ ഒരുത്തൻ കാലിൽ തൂക്കി തറയിലടിക്കുമ്പോൾ പ്രതികരിക്കാനാവാത്ത വണ്ണം അവൾ മരവിച്ചു പോയതാകാം എന്ന്…
ഭർത്താവ് മരിച്ച് മൂന്നാം ദിവസം അരുണിനൊപ്പം പോകണമെന്ന് ബന്ധുക്കളോട് പറഞ്ഞതാണവൾ. ഒന്നാലോചിച്ചാൽ ശരിയാണ്. സ്വബോധമുള്ള ഒരു സ്ത്രീയും പറയാത്ത കാര്യമാണ്. കുഞ്ഞിനെ ഉപദ്രവിച്ചപ്പോൾ മരവിച്ചു പോയെങ്കിലും ആശുപത്രിയിൽ എത്തിയപ്പോൾ അപകടമാണെന്ന് പറയാൻ കാണിച്ച ജാഗ്രതയോർക്കുമ്പോഴാണ് വീണ്ടും അതിശയം.

ഇനി ജീവഭയം കൊണ്ട് അയാളെ അനുസരിച്ചതാണെന്ന് പറഞ്ഞാൽ പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാൾ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയിൽ…!

ഒരു വർഷം മുമ്പ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് തിരികെ വണ്ടിയിൽ കയറുമ്പോൾ പത്മയുടെ വിരൽ കാറിന്റ ഡോറിനിടയിൽ കുരുങ്ങി. അവളെയും കൊണ്ട് വണ്ടിയോടിച്ച് ഹോസ്പിറ്റൽ വരെ എത്തിയതെങ്ങനെയെന്ന് ഇന്നും എനിക്കറിയില്ല. കാര്യമായൊന്നും പറ്റിയിട്ടില്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകുമായിരുന്നെങ്കിലും കുഞ്ഞിനേക്കാൾ ഉച്ചത്തിൽ കരഞ്ഞത് ഞാനാണെന്ന് പറഞ്ഞ് ഇന്നും വീട്ടുകാർ കളിയാക്കാറുണ്ട്. പരിസരം മറന്ന് നിലവിച്ചതോർത്ത് എനിക്ക് തന്നെ പിന്നീട് നാണക്കേട് തോന്നിയിട്ടുമുണ്ട്. പക്ഷേ അതങ്ങനെയാണ്…
എനിക്ക് നൊന്താൽ അച്ഛനും നോവും എന്ന് പണ്ട് അച്ഛൻ പറഞ്ഞ് പഠിപ്പിച്ചത് അക്ഷരാത്ഥത്തിൽ അങ്ങനെയാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു.
അത് തന്നെ എന്റെ മകളോടും ഞാൻ പറയാറുണ്ട്. കാല് വേദന വന്നാലോ തല എവിടെയെങ്കിലും മുട്ടി വേദനിച്ചാലോ അവൾ ഓടി വന്നു ചോദിക്കും അമ്മയ്ക്കും ഇപ്പോൾ അവിടെ വേദനിക്കുന്നില്ലേ എന്ന്… അവൾക്ക് നൊന്താൽ അമ്മയ്ക്ക് നോവും എന്ന് അവൾ അതിശക്തമായി വിശ്വസിക്കുന്നുണ്ട്…ആ വിശ്വാസമല്ലാതെ മറ്റെന്താണ് നമ്മൾ കുഞ്ഞുങ്ങൾക്ക് കൊടുക്കുക ??

ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഒരു കുഞ്ഞിനെ പ്രസവിക്കാനും വളർത്താനും ശാരീരിക ക്ഷമത മാത്രമാണല്ലോ ഈ ലോകത്തിന്റെ മാനദണ്ഡം…മാനസികമായൊരു പരുവപ്പെടൽ ഏറ്റവും ആവശ്യമായ ഉത്തരവാദിത്വമാണ് അമ്മയും അച്ഛനുമാകൽ എന്നിരിക്കെ അതില്ലാവരുടെ ലോകത്തേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളായി കുഞ്ഞു ജീവനുകൾ ഇനിയും എത്തുകയും ഇതുപോലെ നരകയാതനകൾ അനുഭവിക്കുകയും ചെയ്യും!! അമ്മയോ അച്ഛനോ ആയതുകൊണ്ട് മാത്രം അവർ കുഞ്ഞിന്റെ പരമാധികാരികളെന്ന ചിന്ത നമുക്കും മാറേണ്ടിയിരിക്കുന്നു. ഓരോ കുഞ്ഞും അച്ഛനമ്മമാരുടെ മാത്രമല്ല, സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്. ഏതെങ്കിലും തരത്തിൽ വികലമായ മനസ്സുള്ളവരാണ് മാതാ പിതാക്കളെന്നു അയൽക്കാർക്കോ, ബന്ധുക്കൾക്കോ ഡോക്ടർമാർക്കോ അദ്ധ്യാപകർക്കോ തോന്നിയാൽ കുഞ്ഞുങ്ങളെ വിധിയ്ക്ക് വിട്ട് കൊടുക്കാതെ ദയവായി അധികൃതരെ വിവരമറിയിക്കുക. മാനസിക വൈകല്യങ്ങളുടെ ഇരയായി പിന്നീടതിന്റ പിൻ തുടർച്ചക്കാരാവേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങൾ. വേണ്ടതിനും വേണ്ടാത്തതിനും സദാചാര പോലീസാവുന്ന നമ്മൾ അയൽ വീടുകളിൽ കേൾക്കുന്ന കുഞ്ഞു നിലവിളികൾക്ക് കൂടി കാതു കൊടുത്തിരുന്നെങ്കിൽ ചില ദുരന്തങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു…
കുഞ്ഞേ…മാപ്പ്

റസീന ഹസ്സൻ ഷാർജയിൽ നിന്നും എഴുതിയ മറ്റൊരു കണ്ണ് നനയിക്കുന്ന കുറിപ്പ്

സ്നേഹത്തോടെ അമ്മയ്ക്ക്,

അമ്മേ .. എനിക്ക് ഇന്ന് ഒരുപാട് സന്തോഷം തോന്നിയ ദിവസമാണ്.. കാരണം അറിയുമോ അമ്മക്ക് . ഞാൻ അച്ഛന്റെ കൂടെയാണ് ഇന്ന് ഉറങ്ങുന്നത്.

അച്ഛൻ എന്നെ കാത്തിരിക്കായിരുന്നു . വാരിപ്പുണർന്ന് അച്ഛൻ ഒരു നൂറ്മുത്തം തന്നപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി . അപ്പോഴും എനിക്കുള്ള വിഷമം എന്താ അറിയോ അമ്മയ്ക്ക് . കുഞ്ഞാവ അവിടെ ഒറ്റക്കല്ലേ .. കുഞ്ഞാവക്ക് എന്നും ചോറു വാരിക്കൊടുത്തതും കുളിപ്പിച്ചതും ഉടുപ്പിട്ടു കൊടുത്തതും ഞാൻ അല്ലായിരുന്നോ ..? ന്റെ കുഞ്ഞാവ എന്നെ കാണാതെ ..?

എന്നെ പ്രസവിച്ചതും പാലൂട്ടിയതും ഒക്കെ അമ്മയല്ലേ.. ന്റെ അച്ഛൻ പോയപ്പോൾ എന്തിനാ അമ്മ അയാളുടെ കൂടെ പോയത്. അയാളുടെ കൂടെ താമസിക്കാൻ ഞങ്ങൾക്ക് ഇഷ്ടമില്ലെന്ന് അമ്മയോട് കുറെ പറഞ്ഞില്ലായിരുന്നോ ..? മുത്തശ്ശിയുടെ അടുത്ത് നിൽക്കുമായിരുന്നില്ലേ ഞാനും കുഞ്ഞവയും .. പിന്നെന്തിനാ ഞങ്ങളെ കൂട്ടികൊണ്ടു വന്നത് .. ഇപ്പോ ന്റെ കുഞ്ഞാവ ഒറ്റക്കായിലേ??

രാത്രി ആയാൽ ഞങ്ങൾക്ക് ഇരുട്ടിനെ പേടിയാണെന്ന് അറിയൂലെ അമ്മയ്ക്ക് . ഞങ്ങളെ വീട്ടിലാക്കി അമ്മ പോകുമ്പോൾ കുഞ്ഞാവ പോകല്ലേ പറഞ്ഞ് കരഞ്ഞത് ഓർമ്മയുണ്ടോ അമ്മയ്ക്ക്..? അയാൾ കണ്ണുരുട്ടിയപ്പോൾ കുഞ്ഞാവ പേടിച്ചു കരഞ്ഞപ്പോൾ ഞാനാ കുഞ്ഞാവയെ കൊണ്ടുപോയി ഉറക്കിയത് .

അന്ന് രാത്രിയും അമ്മ പോയപ്പോൾ കുറെ കരഞ്ഞാ കുഞ്ഞാവ ഉറങ്ങിയത് .. ഞങ്ങൾക്ക് നല്ല വിശപ്പുണ്ടായിരുന്നു . കഴിക്കാൻ ഒന്നും ഇല്ലാത്തത് കൊണ്ട് കുറെ വെള്ളം കുടിച്ചു . അതാ കുഞ്ഞാവ സോഫയിൽ മൂത്രം ഒഴിച്ചു പോയത് . ക്ഷീണം ആയപ്പോൾ ഞാനും ഉറങ്ങിപ്പോയി .

പിന്നെ എന്താ പറ്റിയെന്ന് ഓർമ്മയില്ലാ യിരുന്നു . ഇന്നാണ് എനിക്ക് എല്ലാം ഓർമ്മ വന്നത്. അയാൾ എന്നെ എടുത്തറിഞ്ഞപ്പോൾ .. ചവിട്ടിയപ്പോൾ ഒരുപാട് വേദനിച്ചു .. എനിക്ക് ഒന്നും മിണ്ടാൻ പറ്റുന്നുണ്ടായിരുന്നില്ല .. വീണ്ടും വീണ്ടും ചവിട്ടുമ്പോൾ അമ്മ വന്ന് എന്നെ പിടിച്ച് “ന്റെ മോനെ ഒന്നും ചെയ്യല്ലേ” എന്ന് പറഞ്ഞ് കരയും എന്ന് വിചാരിച്ചിരുന്നു ഞാൻ .

അയാൾ തല്ലുന്നത് അമ്മ നോക്കിയിരുന്നപ്പോഴാ എനിക്ക് ഏറ്റവും വേദനിച്ചത് .. അപ്പോഴും ഞാൻ പ്രാർഥിച്ചത് “ന്റെ കുഞ്ഞാവനെ ഒന്നും ചെയ്യരുതേ” എന്നാണ് .. കുഞ്ഞാവനെ കെട്ടിപിടിച്ച് കരയണം എന്നുണ്ടായിരുന്നു .. പക്ഷെ എനിക്ക് എഴുനേൽക്കാൻ പറ്റില്ലായിരുന്നു . മേലാസകലം വേദന . ഏതൊക്കെയോ എല്ലുകൾ പൊട്ടിയിട്ടുണ്ടെന്ന് എനിക്ക് തോന്നി . കണ്ണ് അടഞ്ഞു പോകുമ്പോഴും കണ്ടത് തറ മുഴുവൻ ചുവപ്പ് നിറമായിരുന്നു . അപ്പോഴും ന്റെ കുഞ്ഞാവന്റെ കരച്ചിൽ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു ..

എന്നെ ആ ചുവന്ന കാറിൽ കൊണ്ടുപോവുമ്പോൾ ന്റെ കുഞ്ഞാവ അവിടെ ഒറ്റക്കായിരുന്നില്ലേ … അതായിരുന്നു തല പൊട്ടിപ്പിളർന്ന വേദനയിലും ഞാൻ ഓർത്തിരുന്നത്

ആശുപത്രിയിൽ നിന്ന് ഞാൻ സോഫയിൽ നിന്നും വീണതാണെന്ന് ‘അമ്മ കള്ളം പറഞ്ഞത് എന്തിനായിരുന്നു അമ്മേ ..? ഒരിക്കലും കള്ളം പറയരുതെന്ന് അച്ഛൻ പറഞ്ഞത് അമ്മയും കേട്ടതല്ലേ ..

സീരിയസാണ് വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോവണം എന്ന് അവരൊക്കെ പറഞ്ഞപ്പോ ‘അമ്മയ്ക്ക് സങ്കടം തോന്നിയിരുന്നോ ..?

പോലീസുകാർ നിർബന്ധിച്ചു അമ്മയെ ആംബുലൻസിൽ എന്റെ കൂടെ കയറ്റിയപ്പോൾ ‘അമ്മ കരഞ്ഞിരുന്നോ ..? എനിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല.

ഒരിക്കൽ ഞാൻ കുഞ്ഞാവേടെ പ്രായമുള്ളപ്പോൾ മുറ്റത്ത് വീണ് കാലിന്റെ മുട്ടിന്റെ തൊലിയുരിഞ്ഞപ്പോൾ അമ്മ കരഞ്ഞത് ഓർത്തുപോയി ആ സമയത്ത് ..

തണുത്തിരിക്കുന്ന എ സി മുറിയിൽ എന്റെ ശരീരത്തിൽ എന്തൊക്കെയോ ഉപകരണങ്ങൾ വെച്ച് കിടക്കുമ്പോൾ ചുറ്റിലും ഉള്ള വെള്ള ഉടുപ്പിട്ട എല്ലാവരുടെയും കണ്ണ് നനയുന്നത് ഞാൻ കണ്ടിരുന്നു .. അവരൊക്കെ എന്നെ നോക്കി കരയുന്നുണ്ടായിരുന്നു ..ഇപ്പോൾ എല്ലാരും പറയുന്നു എന്റെ അമ്മ അറിഞ്ഞുകൊണ്ടാ എന്നെ അയാൾ ഉപദ്രവിച്ചതെന്ന് . അതൊക്കെ കളവായിരിക്കും അല്ലേ അമ്മേ..

അന്ന് മുതൽ അച്ഛൻ എന്നെ വിളിച്ചോണ്ടിരിക്കാ .. അച്ഛൻ എന്നെ കാണാൻ കൊതിയായെന്ന് .. പക്ഷെ ഈ വെളുത്ത ഉടുപ്പിട്ട മാലാഖമാർ എന്നെ പോകാൻ അനുവദിച്ചില്ല ..അവരുടെ ഒക്കെ സ്നേഹം കാണുമ്പോൾ എനിക്ക് സങ്കടം വരും .. അവരൊക്കെ പ്രാർത്ഥിക്കുന്നത് എനിക്ക് വേണ്ടിയാ അല്ലേ അമ്മേ .. അവർ മാത്രല്ല ..എല്ലാ അമ്മമാരും അച്ഛന്മാരും കരയുന്നതും പ്രാർത്ഥിക്കുന്നതും എനിക്ക് വേണ്ടിയാ അല്ലേ ..

എനിക്കിവിടെ സുഖമാണെന്ന് അവരോടൊക്കെ പറയണേ .ഞാൻ അന്വേഷിച്ചെന്നും പറയണേ..

അമ്മയ്ക്ക് ഓർമ്മയുണ്ടോ നമ്മൾ അച്ഛന്റെ കൂടെ മുന്തിരിത്തോട്ടത്തിൽ പോയത് ..? അച്ഛൻ അന്ന് എനിക്ക് ഒരുപാട് മുന്തിരി തന്നു . നല്ല മധുരമുള്ള മുന്തിരി എവിടെ കിട്ടും ഞാൻ ചോദിച്ചപ്പോൾ സ്വർഗ്ഗത്തിൽ ചെന്നാൽ നല്ല മധുരമുള്ള മുന്തിരി കിട്ടും എന്നായിരുന്നു അച്ഛൻ പറഞ്ഞത് .. ഇവിടെ എനിക്കിഷ്ടമുള്ളതൊക്കെ ഒരുക്കി അച്ഛൻ കാത്തിരിക്കായിരുന്നു..

അമ്മ എന്റെ കുഞ്ഞാവനെ നന്നായി നോക്കണേ.എനിക്ക് ഇവിടെ കൂട്ടിന് അച്ഛനുണ്ടല്ലോ.. കുഞ്ഞാവനെ എന്നെ ഉപദ്രവിച്ച പോലെ വേദനിപ്പിക്കരുതേ..അവൻ പാവമാണ് .ചെറിയ കുട്ടിയല്ലേ..

അമ്മേ.. എനിക്ക് പോകാൻ സമയമായി . അച്ഛൻ കൂടെ ഉണ്ടായിരുന്നപ്പോൾ അമ്മ തന്നിരുന്ന മുത്തം എന്റെ നെറ്റിയിലൊന്നു വെക്കാമോ.. കൊതിയായിട്ടാ.. ഇനി ഒരിക്കലും അമ്മയെയും കുഞ്ഞാവയെയും കാണാൻ പറ്റില്ലല്ലോ.
അമ്മേ ഞാൻ പോയി ട്ടോ…

റസീന കെ. പിവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles