എടത്വാ: ദീർഘനാളത്തെ ദുരിതങ്ങൾക്കും പ്രതീക്ഷകൾക്കും ഒടുവിൽ ദാഹജലവുമായി വാഹനമെത്തി.മധുരം വിതരണം ചെയ്ത് പ്രദേശവാസികൾ.തലവടി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ മടയ്ക്കൽ ജംഗ്ഷൻ മുതൽ മണ്ണാരുപറമ്പിൽപടി വരെയുള്ള റോഡിൻ്റെ ഇരുഭാഗങ്ങളിലായി താമസിക്കുന്ന 30 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് താത്കാലിക പരിഹാരമായത്.
കഴിഞ്ഞ ദിവസം ഇവിടെ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കിയോസ്ക് സ്ഥാപിച്ചിരുന്നു. ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് മുപ്പത് വർഷങ്ങൾ കഴിയുന്നു.ഈ പ്രദേശത്തുള്ളവർ ആകെ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്.എന്നാൽ ഇപ്പോൾ തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റി തുടങ്ങിയതു മൂലം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്.കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ഉപയോഗിച്ചിരുന്നത് തോടുകളിലെ വെള്ളം ആയിരുന്നു.അതും ഇപ്പോൾ ഇല്ലാതെ ആയിരിക്കുകയാണ്.ഈ വർഷം വളരെ നേരത്തെ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്.
സമാന്തര കുടിവെള്ള വിതരണം ആരംഭിക്കുമ്പോൾ വെള്ളം ശേഖരിച്ചു വെയ്ക്കാൻ സാധിക്കാഞ്ഞ സാഹചര്യത്തിൽ ആണ് രണ്ടായിരം ലീറ്ററിൻ്റെ കിയോസ്ക് സ്ഥാപിക്കുവാൻ തീരുമാനിച്ചത്.
വാലയിൽ ബെറാഖാ ഭവനിൽ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ സ്ഥലത്താണ് കിയോസ്ക് സ്ഥാപിച്ചത്. റോഡിൽ നിന്നും കിയോസ്കിലെ വെള്ളം ശേഖരിക്കുന്നതിന് മതിൽ പൊട്ടിച്ച് ടാപ്പും ഘടിപ്പിച്ചിട്ടുണ്ട്.പഞ്ചായത്തിൽ നിന്നും വെള്ളം എത്തിച്ചു നല്കുമെന്നുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.എന്നാൽ നിരവധി കടമ്പകൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്. കുടിവെള്ളമെത്താൻ വൈകുമെന്ന നിരാശയിൽ കഴിയുമ്പോൾ ആണ് മുൻ എം.എൽ.എ ഓഫീസിൻ്റെ ഇടപെടൽ.
മാധ്യമ വാർത്തകൾ വായിച്ചറിഞ്ഞ് അന്തരിച്ച മുൻ എം.എൽ.എ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് തോമസ് എത്തി ആണ് കുടിവെള്ളം വിതരണ സഹായം വാഗ്ദാനം ചെയ്തത്. തൊട്ടുപിറകെ തനെ കുടിവെള്ളം നിറച്ച വാഹനവുമെത്തി.
വെള്ളപൊക്ക സമയങ്ങളിലും കുടിവെള്ളം ഇവിടെ കിട്ടാകനിയാണ്.മലിനമായ ജലം ഉറവയായി ഇറങ്ങുന്നത് മൂലം കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം ആണ്.അത് നേരിടുന്നതിന് കിയോസ്ക് ഏകദേശം മൂന്ന് അടി ഉയരത്തിലാണ് ഇഷ്ടിക കൊണ്ട് തറ കെട്ടി സ്ഥാപിച്ചിരിക്കുന്നത്.
വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു .തോമസ് തോമസ് കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു.തോമസ്കുട്ടി പാലപറമ്പിൽ, ബാബു വാഴകൂട്ടത്തിൽ, വിൻസൺ പൊയ്യാലുമാലിൽ, സുരേഷ്പരുത്തിക്കൽ ,ജോർജ് തോമസ് കടിയന്ത്ര, തമ്പി വാലയിൽ, കുഞ്ഞുമോൻ പരുത്തിക്കൽ ,ദാനിയേൽ തോമസ്, ജോസ് കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കുടിവെള്ളം ആരംഭിക്കുവാൻ ഇനിയും പത്ത് ദിവസം കൂടി വേണ്ടി വരുമെന്ന് പഞ്ചായത്ത് അംഗം പി.കെ. വർഗ്ഗീസ് പറഞ്ഞു.
തലവടി തെക്കെക്കരയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് ഇട്ടിട്ടുള്ളതാണ്.
Leave a Reply