ന്യൂസ് ഡെസ്ക് മലയാളം യുകെ

കാർ ഫിനാൻസ് മിസ് സെല്ലിംഗിനെക്കുറിച്ച് ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ കബളിപ്പിക്കപ്പെട്ട യുകെ ഡ്രൈവർമാർക്ക് നഷ്ടപരിഹാരം ഉടൻ ലഭിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പല ഉപഭോക്താക്കളിൽ നിന്നും 2021 ജനുവരിക്ക് മുമ്പുള്ള കാർ ഫിനാൻസ് ലോണുകളിൽ അധിക തുക ഈടാക്കിയതായി ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (എഫ്സിഎ) പറയുന്നു.

2021 ജനുവരിക്ക് മുമ്പ് പല കാർ ഫിനാൻസ് ലെൻഡർമാരും ബ്രോക്കർമാരുമായി ഇടപാടുകൾ നടത്തിയിരുന്നു. അതായത് ഉപഭോക്താക്കളുടെ പലിശ നിരക്കുകൾ ക്രമീകരിക്കാൻ ബ്രോക്കർമാർക്ക് അധികാരം ലഭിച്ചിരുന്നു. നിരക്കുകൾ ഉയരുന്നതിനനുസരിച്ച് ഇവർക്ക് ലഭിക്കുന്ന കമ്മീഷനും വർദ്ധിക്കും. സ്വാഭാവികമായും, കൂടുതൽ പണം സമ്പാദിക്കുന്നതിനായി പലിശ നിരക്ക് വർദ്ധിപ്പിക്കാൻ ബ്രോക്കർമാരെ ഇത് പ്രേരിപ്പിച്ചു. ഇതുമൂലം ഒരു ബ്രോക്കർ മുഖേന ഫിനാൻസിൽ നിന്ന് ഒരു കാർ വാങ്ങുമ്പോൾ അന്യായമായ തുക ഈടാക്കാനുള്ള സാധ്യത ഏറെയാണ്.

ഇത് ശ്രദ്ധയിൽപെട്ട എഫ്‌സി‌എ 2021 ജനുവരിയിൽ ഈ രീതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. എന്നാൽ തങ്ങളിൽ നിന്ന് അമിത പലിശ നിരക്ക് ഇടക്കിയതായി പരാതിപെട്ടുകൊണ്ട് നിരവധി ആളുകൾ രംഗത്ത് വന്നു. ഇതിനു പിന്നാലെ സംഭവം പരിശോധിച്ച് വരികയാണെന്ന് എഫ്‌സിഎ അറിയിച്ചു. ഇതിനായി ഫിനാൻഷ്യൽ സർവീസസ് ആൻഡ് മാർക്കറ്റ്സ് ആക്ട് 2000 പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് മോട്ടോർ ഫിനാൻസ് കമ്മീഷൻ ക്രമീകരണങ്ങളും സ്ഥാപനങ്ങളിലെ വിൽപ്പനയും അവലോകനം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.