ലണ്ടൻ : ഒരു പാർട്ടി നടത്തണമെന്ന് ആഗ്രഹമുണ്ടോ? അത് ഒരു വിമാനത്തിനുള്ളിൽ ആയാലോ? എന്നാൽ അതിനായി ഉടൻ അവസരമൊരുങ്ങുകയാണ്. ബ്രിട്ടീഷ് എയർവേസിന്റെ നെഗസ് 747 വിമാനമാണ് ഒരു പാർട്ടി വിമാനമായി രൂപം മാറിയത്. നിലവിൽ ഒരു കുടുംബത്തിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള കോട്‌സ്‌വോൾഡ്‌സ് എയർപോർട്ടിലാണ് വിമാനം ഉള്ളത്. കോവിഡ് കാരണം ബ്രിട്ടീഷ് എയർവേസ് നേരത്തെ പിൻവലിച്ച ഫ്‌ളീറ്റിൽ ഉൾപ്പെട്ട വിമാനമാണ് എയർപോർട്ട് ചീഫ് എക്‌സിക്യൂട്ടീവ് സൂസന്ന ഹാർവി വെറും 1 പൗണ്ടിന് വാങ്ങിയത്. ഫ്‌ളീറ്റുകൾ നശിപ്പിക്കപ്പെട്ടെങ്കിലും ഈ വിമാനം ഒരു പുരാവസ്തു പോലെയോ മ്യൂസിയം പോലെയോ സൂക്ഷിക്കാമോ എന്ന് സൂസന്ന ചോദിച്ചു. അങ്ങനെ സാങ്കേതികമായി വിമാനം വിൽക്കേണ്ടി വന്നു. ഇടപാട് തുക – 1 പൗണ്ട്!
വിമാനം പൊതു ഉപയോഗത്തിനായി സൂക്ഷിക്കുമെന്നത് കരാറിന്റെ ഭാഗമാണെന്ന് സൂസന്ന വ്യക്തമാക്കി. ഒരു പൗണ്ടിനാണ് വാങ്ങിയതെങ്കിലും പാർട്ടി വിമാനം ആക്കി രൂപം മാറ്റാൻ കമ്പനിക്ക് ഏകദേശം 500,000 പൗണ്ട് ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. വിമാനത്തിന്റെ പുറമെയുള്ള ഘടന അതേപടി തുടരുന്നുവെങ്കിലും ഉള്ളിൽ അനേകം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒരു ബാറും സജ്ജമാക്കിയിട്ടുണ്ട്. വളരെ പഴക്കമുള്ള ഈ വിമാനം 2020 ഒക്‌ടോബറിലാണ് സൂസന്ന വാങ്ങിയത്. ഇപ്പോൾ സ്വകാര്യ ജന്മദിന പാർട്ടികൾ മുതൽ കോർപ്പറേറ്റ് ഇവന്റുകൾ വരെ ഈ വിമാനത്തിനുള്ളിൽ നടത്താൻ കഴിയുമെന്നതാണ് പ്രധാന ആകർഷണം.
ജെറ്റിൽ പാർട്ടി നടത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മണിക്കൂറിൽ 1,000 പൗണ്ടിൽ കൂടുതൽ നൽകേണ്ടി വരും. പൊതുജനങ്ങൾക്ക് പാർട്ടികൾ ബുക്ക് ചെയ്യാനായി ഒരു ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് സൂസന്ന കൂട്ടിച്ചേർത്തു.
Leave a Reply