ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിലേക്ക് ഇംഗ്ലീഷ് ചാനൽ കടന്ന് അഭയാർത്ഥികൾ ചെറിയ ബോട്ടുകളിലായി എത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഏകദേശം 70 ഓളം പേരാണ് ഇത്തരത്തിൽ എത്തിയത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം ഏകദേശം 20 പേരടങ്ങുന്ന ഒരു സംഘത്തെയാണ് ബോർഡർ ഫോഴ് സ് അംഗങ്ങൾ കരയിൽ എത്തിച്ചത്. ഇതിൽ ഭൂരിഭാഗം പേരും 20 വയസിനോടടുത്തവരായിരുന്നു. ഇവർക്ക് പുറകെ ഏകദേശം 50 പേരടങ്ങുന്ന അടുത്ത സംഘത്തെയും എമർജൻസി ടീമംഗങ്ങൾ കരയിലെത്തിച്ചു. ഇതിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഞായറാഴ്ച മാത്രം എത്രത്തോളം പേർ ഇത്തരത്തിൽ എത്തിയതായി ഇതുവരെ കൃത്യമായ കണക്കുകൾ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. എന്നാൽ ഈ വർഷം മാത്രം ഏകദേശം ഏഴായിരത്തോളം പേരാണ് ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിലെത്തിയത് എന്നാണ് നിഗമനം.

കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഏകദേശം പത്തോളം ബോട്ടുകളിലാണ് ഇത്തരത്തിൽ ആളുകൾ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ചത്. ഇത്തരത്തിലുള്ള യാത്രയിൽ കടലിൽ വീണ രണ്ടുപേരെ ബോർഡർ ഫോഴ്സ് അംഗങ്ങൾ രക്ഷപ്പെടുത്തിയിരുന്നു. യുകെയിലേക്ക് കൃത്യമായ എൻട്രി പാസുകൾ ഇല്ലാതെ കടക്കുന്നത് നിയമവിരുദ്ധം ആക്കാൻ ഇരിക്കെയാണ് അഭയാർഥികളുടെ പ്രവാഹം. അഭയാർഥികളുടെ മറവിലൂടെ നടക്കുന്ന കള്ളക്കടത്ത് തടയാൻ ആണ് ഈ നിയമം പാസാക്കുന്നത്. വളരെ അപകടം നിറഞ്ഞ യാത്രയാണ് ഇംഗ്ലീഷ് ചാനലിലൂടെ ഉള്ളത്.