ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: അമേരിക്കൻ വ്യോമസേന ഉപയോഗിക്കുന്ന ആർഎഫ് ഫെയർഫോർഡ് താവളത്തിന് സമീപം ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന സംശയത്തിൽ അറസ്റ്റിലായ അഞ്ച് പേരുടെ ചോദ്യംചെയ്യൽ തുടരുന്നു. സംഭവത്തിന് പിന്നിൽ ഇറാൻ ബന്ധമുണ്ടോയെന്നതാണ് അന്വേഷണത്തിലെ പ്രധാന സാധ്യതകളിലൊന്ന്. എന്നാൽ അഞ്ച് പേരുടെയും പൗരത്വമോ വ്യക്തിപരമായ വിവരങ്ങളോ ആക്രമണത്തിന്റെ ലക്ഷ്യമോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അഞ്ച് പേരും ഇപ്പോഴും കസ്റ്റഡിയിലാണെന്നും കൗണ്ടർ ടെററിസം പൊലീസ് അറിയിച്ചു.

അറസ്റ്റിലായവരെ ആദ്യം എക്സ്പ്ലോസീവ്സ് ആക്ട് പ്രകാരമാണ് പിടികൂടിയത്. പിന്നീട് ടെററിസം ആക്ട് പ്രകാരം ഭീകരപ്രവർത്തനത്തിന് തയ്യാറെടുത്തെന്ന സംശയവും ചുമത്തി. മൂന്ന് വാനുകൾ പരിശോധിക്കുന്നതിനായി 400 മീറ്റർ നിയന്ത്രിത മേഖലയിൽ ആർമിയുടെ എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ സംഘം റോബോട്ടുകളെ ഉപയോഗിച്ചു. മുൻകരുതലായി ഒഴിപ്പിച്ച വെൽഫോർഡിലെ 85 കുടുംബങ്ങളെ രാത്രി മുഴുവൻ വീടുകളിലേക്ക് മടങ്ങാൻ അനുവദിച്ചിരുന്നില്ല.

ഇറാൻ ബന്ധം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കുന്നതായി അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫെയർഫോർഡ് താവളം അമേരിക്കൻ ബോംബർ വിമാനങ്ങൾ ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇറാന്റെ മുൻകാല ഭീഷണികളും അന്വേഷണത്തിൽ പരിഗണിക്കുന്നുണ്ട്. ബ്രിട്ടീഷ് അധികൃതരുടെ നടപടിയെ പ്രശംസിക്കുകയും പ്രതികൾ വലിയ നാശനഷ്ടം വരുത്താൻ ലക്ഷ്യമിട്ടിരുന്നുവെന്നും അറസ്റ്റിനെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു .











Leave a Reply