ഈരാറ്റുപേട്ട: തെലുങ്കാനയിലെ പൊന്‍തുരുത്തിയില്‍ കാറപകടത്തില്‍ അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. കോട്ടയം പൂഞ്ഞാര്‍ അടിവാരം ഒഴുകയില്‍ വീട്ടില്‍ ബിസിമോള്‍ (36) ഭര്‍ത്താവ് കാസര്‍കോഡ് ദേലമ്പാടി ഊജംപാടി പുരയിടത്തില്‍ റോബിന്‍ (37) ഇവരുടെ മകന്‍ ഐവാന്‍ (നാലുമാസം), റോബിന്റെ പിതാവ് ദേവസ്യ, മാതാവ് ത്രേസ്യ, ഡ്രൈവര്‍ പവന്‍ എന്നിവരാണ് മരിച്ചത്.
പവന്‍ തെലുങ്കാന സ്വദേശിയാണ്. അപകട സ്ഥലത്തു വച്ചുതന്നെ ആറു പേരും മരിച്ചുവെന്നാണ് ലഭിച്ച വിവരം. ശനിയാഴ്ച അടിവാരം സെന്റ് മേരീസ് പള്ളിയിലായിരുന്നു ഐവാന്റെ മാമോദീസ. ഇതിനായി റോബിന്റെ വീട്ടുകാര്‍ എത്തിയതായിരുന്നു. ഇന്നലെ രാവിലെ ഏഴരയ്ക്കാണ് റോബിനും കുടുംബവും തെലുങ്കാനയിലേക്ക് യാത്ര തിരിച്ചത്. തെലുങ്കാനയില്‍ സ്‌കൂള്‍ നടത്തുകയാണ് റോബിന്‍.

അടിവാരം ഒഴുകയില്‍ ജേക്കബിന്റെയും റോസക്കുട്ടിയുടെയും മകളാണ് ബിസിമോള്‍. രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. അപകട വിവരം അറിഞ്ഞ് ബന്ധുക്കള്‍ തെലുങ്കാനയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം. പാലത്തിന്റെ ഡിവൈഡറില്‍ തട്ടിയാണ് അപകടമുണ്ടായത്. തെലുങ്കാനയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയത്. റെനീഷാണ് റോബിന്‍സന്റെ ഏകസഹോദരന്‍.