കോട്ടയം നഗരത്തില്‍ എസ്ഡിപിഐയുടെ വാഹന പ്രചാരണ ജാഥ മൂലമുണ്ടായ ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് പിഞ്ചുബാലിക മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. പരുന്തുംപാറ നടുവിലേപ്പറമ്പില്‍ റിന്റു – റിനു ദമ്പതികളുടെ മകള്‍ ഐലിനാണ്(5) മരിച്ചത്.

ഗുളിക തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെയും കൊണ്ട് അമ്മ റിനുവും സഹോദരി സജിനയും ഇവരുടെ അമ്മ സജിയും ചേര്‍ന്ന് കോട്ടയം എംസി റോഡിലേക്ക് ഓടി. വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ഒന്നും നിര്‍ത്തിയില്ല. അതുവഴി വന്ന അബ്ദുള്‍ സലാം കാര്‍ നിര്‍ത്തി കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. കോട്ടയം നഗരത്തില്‍ റോഡുപണി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. നഗരത്തിലൂടെ വാഹന പ്രചാരണ ജാഥ കൂടി കടന്നു പോകുന്നതിനാല്‍ ഗതാഗത തടസ്സം ഇരട്ടിയായി.

ചിങ്ങവനത്തു നിന്നും കുട്ടിയുമായി കോട്ടയം നഗരത്തിലേക്ക് വാഹനമോടിക്കുന്നതിനിടെ കോടിമത പാലത്തില്‍ കുരുക്കില്‍പ്പെട്ടു. തുടര്‍ന്ന് ഇടവഴിയിലൂടെ കാര്‍ ഓടിച്ചെങ്കിലും കുട്ടിയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റിയില്ലെന്ന് അബ്ദുള്‍ സലാം പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 21ാം തീയതി വൈകുന്നേരം തങ്ങളുടെ സംസ്ഥാന വാഹന പ്രചരണ ജാഥ കോട്ടയത്ത് കൂടി കടന്നുപോയതായി എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഹസീബ് സമ്മതിച്ചിട്ടുണ്ട്.

‘അല്‍പം കൂടി മുന്‍പ് ഐലിനെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു. എന്നാല്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് ചികിത്സ വൈകിയതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുട്ടിയുടെ അച്ഛന്‍ റിന്റു പറഞ്ഞു’. ഐലിന്റെ മൃതദേഹം ബന്ധുക്കള്‍ എത്തിച്ചേരുന്നതിനായി ബുധനാഴ്ച മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിനു ശേഷം ഇന്നലെയാണ് സംസ്‌കരിച്ചത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ റാലി നടത്തുന്നതിനെതിരായി സമൂഹ മാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫിന്റെ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ ബുധനാഴ്ച കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ചതും വലിയ ഗതാഗത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.