ആഷ്ഫോർഡ് : കെന്റെ കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ( AMA) 19-ാം മത് ഓണാഘോഷം (ആരവം – 2023 ) ഈ മാസം 23-ാം തീയതി ശനിയാഴ്ച രാവിലെ 9 . 30 മുതൽ ആഷ് ഫോർഡ് ജോൺ വാലീസ് (The John Wallis Academy) സ്കൂൾ ഓഡിറ്റോറിയത്തിൽ സമുചിതമായി ആഘോഷിക്കുന്നു.

രാവിലെ 9. 30 ന് അത്തപ്പൂക്കള വിതായനത്തോടുകൂടി പരിപാടികൾക്ക് ആരംഭം കുറിക്കും. തുടർന്ന് കുട്ടികൾ മുതൽ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെയും , അംഗങ്ങളായ പുരുഷന്മാരെയും , സ്ത്രീകളെയും ഉൾപ്പെടുത്തി മൂന്ന് തലമുറയെ ഒരേ വേദിയിൽ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ലാഷ് മോബിനു ശേഷം കുട്ടികളുടെയും , പുരുഷന്മാരുടെയും , സ്ത്രീകളുടെയും വാശിയേറിയ വടംവലി മത്സരവും, തൂശനിലയിൽ വിളമ്പി കൊണ്ടുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

ഉച്ചകഴിഞ്ഞ് 2. 30 ന് നൂറോളം യുവതികൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരയും ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ആഷ്ഫോർഡ് ബോഗോ കൗൺസിൽ ഡെപ്യൂട്ടി മേയർ ലിൻ സുഡാർഡ്സ് മുഖ്യാതിഥി ആയിരിക്കും.

തുടർന്ന് 4 മണിക്ക് ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ മുൻപ്രസിഡന്റും, സെക്രട്ടറിയുമായ സജി കുമാർ ഗോപാലൻ രചിച്ച് ബിജു കൊച്ചു തെള്ളിയിൽ സംഗീതം നൽകിയ അവതരണ ഗാനം, അലീഷാ സാം, എലന ട്വിങ്കിൾ എന്നിവർ ചിട്ടപ്പെടുത്തി ഇരുപതോളം കലാകാരികൾ ചുവടുകൾ വയ്ക്കുന്ന രംഗപൂജ എന്നിവയോട് ആരവം – 2023 ന് തിരശ്ശീല ഉയരുന്നു.

മെഗാ തിരുവാതിര, കപ്പിൾ ഡാൻസ് , ക്ലാസിക്കൽ ഡാൻസ് , സിനിമാറ്റിക്ക് ഡാൻസ് , ഡിജെ , സ്കിറ്റുകൾ എന്നിവ കോർത്തിണക്കി വ്യത്യസ്ത കലാവിരുന്നുകളാൽ ആരവം – 2023 കലാ ആസ്വാദകർക്ക് സമ്പന്നമായ ഓർമ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസ് അറിയിച്ചു .

എവിടെയും കനക വിപഞ്ചികളുടെ നാദങ്ങൾ, ചിലങ്കയുടെ സ്വരം, സംഗീതത്തിൻറെ ശ്രുതിയും ലയവും, താളവും മറ്റൊലി കൊള്ളുന്ന മോഹനമായ പ്രതീക്ഷയുമായി അനുഭൂതിയുടെ അണി അറയിൽ നിന്ന് സെപ്റ്റംബർ 23 ശനിയാഴ്ച അരങ്ങിലെത്തുന്നു. മനസ്സിനും ,കണ്ണിനും , കരളിനും കുളിരേകുന്ന ശ്രാവ്യ വിഭവങ്ങളുമായി ആഷ് ഫോർഡ് അണിഞ്ഞൊരുങ്ങുന്നു.

ഈ മഹാദിനത്തിലേക്ക് കലാസ്നേഹികളായ മുഴുവൻ ആളുകളെയും ജോൺ വാലീസ് സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

പരിപാടി നടക്കുന്ന വേദിയുടെ വിലാസം .

THE JOHN WALLIS ACADEMY
MILLBANK ROAD
ASHFORD KENT
TN23 3HG